വികസന നേട്ടങ്ങള്‍ ചര്‍ച്ച് ചെയ്്ത് കോട്ടത്തറ ഗ്രാമപഞ്ചായത്ത് വികസന സദസ് സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത്ഉമ്മന്‍ചാണ്ടി സ്മാരക ഹാളില്‍ നടന്ന വികസന സദസ് പ്രസിഡന്റ് പി.പി റനീഷ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തിലെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും സുരക്ഷിതമായ പാര്‍പ്പിടം ഒരുക്കാന്‍ 7.16 കോടി രൂപവിനിയോഗിച്ചതായി വികസന സദസ്സില്‍വിശദീകരിച്ചു. ദേശീയ തൊഴിലുറപ്പ് പദ്ധതിയിലൂടെ 30 ലക്ഷം രൂപ ചെലവില്‍വണ്ടിയാമ്പറ്റ മുതലടി ചെക്ക് ഡാംനിര്‍മ്മിച്ചത് സംസ്ഥാനത്തിന്മാതൃകയായ പ്രവര്‍ത്തനമായി സദസ് വിലയിരുത്തി. മാലിന്യ സംസ്‌കരണത്തിന് സ്മാര്‍ട്ട് ഗാര്‍ബേജ് മോണിറ്ററിങ് സിസ്റ്റം നടപ്പിലാക്കിയ ജില്ലയിലെ ആദ്യത്തെ പഞ്ചായത്താണ് കോട്ടത്തറ.

തൊഴിലുറപ്പ് പദ്ധതിയില്‍ ഗ്രാമ റോഡുകള്‍, ചെക്ക് ഡാം,ഡ്രൈനേജ്, സോക്പിറ്റ് എന്നിവയുടെ നിര്‍മാണം, ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍, പശ്ചാത്തലസൗകര്യ വികസന പ്രവര്‍ത്തനങ്ങള്‍ പഞ്ചായത്ത് നടപ്പാക്കി. പട്ടികജാതി-പട്ടികവര്‍ഗ്ഗ മേഖലയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൈക്കിള്‍, ലാപ്‌ടോപ്പ്, പഠനോപകരണങ്ങള്‍ എന്നിവ വിതരണം ചെയ്തു. പഠനമുറി നിര്‍മ്മാണം, നവീകരണം, പൈതൃക ഭവനം, ഉന്നതികളിലെ കമ്മ്യൂണിറ്റി ഹാള്‍ നവീകരണം എന്നിവ പൂര്‍ത്തിയാക്കി ഉന്നതികളെ സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, പൈതൃക കേന്ദ്രങ്ങളാക്കി മാറ്റാന്‍ സാധിച്ചതായി വികസന സദസ് വിലയിരുത്തി. ഗോത്ര സാരഥി പദ്ധതി നടപ്പിലാക്കി. സി.എസ്.ആര്‍ ഫണ്ടിലൂടെ നിര്‍മ്മിക്കുന്ന സംസ്ഥാനത്തെ ആദ്യ അനിമല്‍ ഷെല്‍ട്ടര്‍ ഹോം യാഥാര്‍ത്ഥ്യമാവുകയാണ്. പ്രളയകാലത്ത് ഒറ്റപ്പെട്ടുപോകുന്ന കുടുംബങ്ങള്‍ക്ക് സുരക്ഷിത കേന്ദ്രമായി ഷെല്‍ട്ടര്‍ ഹോം മാറും.

വിദ്യാര്‍ത്ഥികള്‍ക്ക് ആര്‍ച്ചറി അക്കാദമി, ഫുട്‌ബോള്‍, വോളിബോള്‍, ചെസ്സ് പരിശീലനങ്ങള്‍ പഞ്ചായത്ത് സംഘടിപ്പിക്കുന്നു. നെല്‍ കര്‍ഷകര്‍ക്ക് കൂലി ചെലവ് സബ്‌സിഡി, വിളകളുടെ രോഗ കീടബാധ നിയന്ത്രിക്കാന്‍ അഗ്രോ ക്ലിനിക്, അത്യുത്പാദനശേഷിയുള്ള തെങ്ങ്, കവുങ്ങ്, കുരുമുളക് തൈകളുടെ വിതരണം, പാഷന്‍ ഫ്രൂട്ട് ഗ്രാമം പദ്ധതി, വെള്ളമ്പാടി ഇറിഗേഷന്‍ പദ്ധതി എന്നിവയുംനടപ്പിലാക്കി. 862 കുടിവെള്ള കണക്ഷനുകളാണ് പഞ്ചായത്ത് നല്‍കിയത്. മൃഗസംരക്ഷണത്തിന് കൗ ലിഫ്റ്റിങ് മെഷീന്‍, സൗജന്യ മരുന്ന് വിതരണം, പട്ടികവര്‍ഗ്ഗ വനിതകള്‍ക്കും വിധവകള്‍ക്കും പോത്തുകുട്ടി-കിടാരി വിതരണം, ക്ഷീര കര്‍ഷകര്‍ക്ക് കറവ യന്ത്ര വിതരണം തുടങ്ങിയ വികസന പ്രവര്‍ത്തനങ്ങള്‍ മൃഗസംരക്ഷണ – ക്ഷീരോത്പാദന മേഖലകളില്‍ പഞ്ചായത്ത് നടപ്പിലാക്കിയിട്ടുണ്ട്.

ജലക്ഷാമം രൂക്ഷമായ പ്രദേശങ്ങളില്‍ ഇരുപതോളം കിണറുകള്‍ നിര്‍മ്മിക്കല്‍, എല്ലാ വീടുകളിലും ശുദ്ധജലം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ ജല്‍ ജീവന്‍ പൈപ്പിങ്, ടാപ്പ് കണക്ഷന്‍ പ്രവര്‍ത്തികള്‍ ആരംഭിച്ചു. വെണ്ണിയോട് ഹോമിയോ ഡിസ്‌പെന്‍സറി, ഈരംക്കൊല്ലി രാമന്‍ സ്മാരക ആയുര്‍വേദ ആശുപത്രി എന്നിവയ്ക്ക് എന്‍.എ.ബി.എച്ച് അംഗീകാരം ലഭിച്ചത് പഞ്ചായത്തിന് നേട്ടമായി. ജില്ലയില്‍ ആദ്യമായിട്ടാണ് ഒരു ഗ്രാമപഞ്ചായത്ത് പഞ്ചകര്‍മ്മ ചികിത്സയ്ക്കായി പദ്ധതിതുക മാറ്റിവെച്ചത്. വെണ്ണിയോട് ഹോമിയോ ഡിസ്‌പെന്‍സറിക്ക് പ്രഥമ കായകല്‍പ്പ അവാര്‍ഡും മെച്ചന ആയുര്‍വേദ ആശുപത്രിയിലെ പച്ചത്തുരുത്തിന് ജില്ലയില്‍ ഒന്നാം സ്ഥാനം നേടാനായതും നേട്ടങ്ങളാണ്.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എ നസീമ വികസന സദസില്‍ അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് അംഗം എന്‍.സി പ്രസാദ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ജോസ് പാറപ്പുറം, ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഹണി ജോസ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഇ.കെ വസന്ത, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി.എസ് അനുപമ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സംഗീത് സോമന്‍, ജീന തങ്കച്ചന്‍, പി. സുരേഷ്, ബിന്ദു മാധവന്‍, പുഷ്പ സുന്ദരന്‍, എം.കെ മുരളിദാസന്‍, ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ.എ മിനി, അസിസ്റ്റന്റ് സെക്രട്ടറി ടി.യു പ്രിന്‍സ്, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ സി.സി ദേവസ്യ, ആസൂത്രണ സമിതി അംഗങ്ങളായ മാണി ഫ്രാന്‍സിസ്, സജീഷ് കുമാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ആശാ വര്‍ക്കര്‍മാര്‍, സി.ഡി.എസ് പ്രവര്‍ത്തകര്‍, ഹരിത കര്‍മ്മസേന അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.