ഭൂമി സംബന്ധമായ എല്ലാ രേഖകളും ഓൺലൈനിൽ ലഭ്യമാകുന്ന വിധത്തിൽ കേന്ദ്രീകൃത ലാൻഡ് ഡാറ്റ ബാങ്കുകൾ സംസ്ഥാനത്ത് രൂപീകരിക്കുമെന്ന് റവന്യു, ഭവന നിർമാണ വകുപ്പ് മന്ത്രി കെ രാജൻ പറഞ്ഞു. ഇതിന്റെ നടപടിക്രമങ്ങൾ പൂർത്തിയായിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. ‘എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട്’ എന്ന സംസ്ഥാന സർക്കാർ ലക്ഷ്യത്തിന്റെ ഭാഗമായി റവന്യൂ വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സംസ്ഥാനതല പട്ടയ മേള തൃശ്ശൂരിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാന സർക്കാരിന്റെ ഒൻപത് വർഷ ഭരണകാലയളവിൽ 4,13,000 പട്ടയങ്ങൾ വിതരണം ചെയ്തിട്ടുണ്ട്. കാലാവധി പൂർത്തിയാക്കുന്നതിന് മുമ്പ് ഇത് അഞ്ച് ലക്ഷം പട്ടയങ്ങളായി വർധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. കലക്‌ടേററ്റ് ഓഡിറ്റോറിയത്തിൽ നടന്ന കണ്ണൂർ ജില്ലാതല പട്ടയ വിതരണ മേളയിൽ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഓൺലൈനായി അധ്യക്ഷനായി.

കണ്ണൂർ ജില്ലയിൽ 89 ലാൻഡ് അസൈൻമെന്റ് പട്ടയങ്ങളും 61 മിച്ചഭൂമി പട്ടയങ്ങളും 871 ലാൻഡ് ട്രൈബ്യൂണൽ പട്ടയങ്ങളുമടക്കം 1021 പട്ടയങ്ങൾ പട്ടയമേളയിൽ വിതരണം ചെയ്തു. കണ്ണൂർ താലൂക്കിൽ നാല്, തലശ്ശേരി താലൂക്കിൽ 59, ഇരിട്ടി താലൂക്കിൽ ഒൻപത്, പയ്യന്നൂർ താലൂക്കിൽ 17 ലാൻഡ് അസൈൻമെന്റ് പട്ടയങ്ങൾ നൽകി. ലാൻഡ് ട്രൈബ്യൂണൽ പട്ടയങ്ങളിൽ കൂത്തുപറമ്പ് 410, ഇരിട്ടി 304, പയ്യന്നൂർ 136, ദേവസ്വം പട്ടയങ്ങൾ കണ്ണൂരിൽ 10, തളിപ്പറമ്പിൽ അഞ്ച്, ഇരിട്ടിയിൽ ആറ് എണ്ണവും വിതരണം ചെയ്തു. മിച്ചഭൂമി പട്ടയങ്ങൾ ആലപ്പടമ്പ് വില്ലേജിൽ 25 എണ്ണവും വെള്ളോറ വില്ലേജിൽ 36 എണ്ണവും വിതരണം ചെയ്തു.

കെ.വി സുമേഷ് എം എൽ എ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രത്നകുമാരി, ജില്ലാ കലക്ടർ അരുൺ കെ വിജയൻ, അസി. കലക്ടർ എഹ്തെദ മുഫസിർ, എ ഡി എം കലാ ഭാസ്‌കർ, ഡെപ്യൂട്ടി കലക്ടർ (എൽ ആർ) സി.എം ലതാദേവി, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഡെപ്യൂട്ടി കലക്ടർമാർ, തഹസിൽദാർമാർ, റവന്യൂ ജീവനക്കാർ എന്നിവർ പങ്കെടുത്തു.