മറ്റ് ഭാഷകള്‍ പഠിക്കാന്‍ മാതൃഭാഷയെ നമ്മള്‍ പിന്നോട്ട് തള്ളുമ്പോള്‍ സമൂഹവും പുറകോട്ട് പോകുമെന്ന് എഴുത്തുകാരന്‍ ഡോ. സന്തോഷ് വള്ളിക്കാട്. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും ജില്ലാ ഭരണകൂടവും സംയുക്തമായി സംഘടിപ്പിച്ച മലയാളഭാഷ ദിനാചരണത്തിന്റെയും ഭരണഭാഷാവാരാചരണത്തിന്റെയും ജില്ലാതല ഉദ്ഘാടന പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സര്‍ഗാത്മകമായ ചിന്ത എന്നും മാതൃഭാഷയിലൂടെ സംഭവിക്കേണ്ടതാണ്. ഭാഷയുടെ വികാസം അത് ഉപയോഗിക്കുന്നതനുസരിച്ചാണ്. ആഘോഷങ്ങളുടെ ഭാഷ ആംഗലേയവും ചരമക്കുറിപ്പിന്റെ ഭാഷ മലയാളവുമാണ്. നവംബര്‍ ഒന്നു മുതല്‍ ഒരാഴ്ചത്തേക്ക് മാത്രം ആചരിക്കേണ്ട ഒന്നല്ല ഭരണഭാഷാചരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടറുടെ കാര്യാലയത്തിലെ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടി ജില്ലാ കളക്ടര്‍ വി.ആര്‍. വിനോദ് ഉദ്ഘാടനം ചെയ്തു. മറ്റ് ഭാഷകള്‍ പഠിക്കാന്‍ മലയാളത്തെ അവഗണിക്കേണ്ട ആവശ്യമില്ല. മാതൃഭാഷ ഉപയോഗിക്കുന്നതിലൂടെയാണ് ഭരണ സംവിധാനം മെച്ചപ്പെടുകയും സുതാര്യമാവുകയും ചെയ്യുക എന്ന് ജില്ലാ കളക്ടര്‍ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. ജില്ലാ കളക്ടര്‍ ജീവനക്കാര്‍ക്ക് ഭരണഭാഷാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
എ.ഡി.എം എന്‍.എം. മെഹറലി അധ്യക്ഷത വഹിച്ച പരിപാടിയില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ജോസഫ് സെബാസ്റ്റ്യന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് അസിസ്റ്റന്റ് എഡിറ്റര്‍ ഐ.ആര്‍. പ്രസാദ്, അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ അനിഷ തുടങ്ങിയവര്‍ സംസാരിച്ചു. വിവിധ വകുപ്പിലെ ഉദ്യോഗസ്ഥര്‍ പരിപാടിയില്‍ പങ്കെടുത്തു.
