കേരള ഫിഷറീസ് വകുപ്പിന്റെ കീഴില്‍ ‘ഉള്‍നാടന്‍ ജല ആവാസവ്യവസ്ഥയില്‍ സംയോജിത മത്സ്യ വിഭവ പരിപാലനം’ പ്രോജക്ടിന്റെ ഭാഗമായി ആലിപ്പറമ്പ് പഞ്ചായത്തിന്റെ സഹകരണത്തോടെ അഞ്ചു ലക്ഷം കാര്‍പ് മത്സ്യക്കുഞ്ഞുങ്ങളേയും 11000 കരിമീന്‍ മത്സ്യ ക്കുഞ്ഞുങ്ങളെയും തൂതപ്പുഴയില്‍ മൂന്ന് കടവുകളിലായി നിക്ഷേപിച്ചു. നജീബ് കാന്തപുരം എം.എല്‍.എ. കടവിലേയ്ക്ക് മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ച് പദ്ധതി ഉദ്ഘാടനം ചെയ്തു. മത്സ്യസമ്പത്ത് കുറഞ്ഞു കൊണ്ടിരിക്കുന്ന ഇക്കാലത്ത് തനത് മത്സ്യങ്ങളുടെ വീണ്ടെടുപ്പിനായാണ് പദ്ധതി നടപ്പിലാക്കുന്നത്. തദ്ദേശ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും പോഷക സുരക്ഷ ഉറപ്പു വരുത്തി ആരോഗ്യമുള്ള ജനതയെ സൃഷ്ടിക്കുകയും ചെയ്യുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
പെരിന്തല്‍മണ്ണ ബ്ലോക്ക് പ്രസിഡന്റ് അഡ്വ.എ.കെ. മുസ്തഫ അധ്യക്ഷത വഹിച്ചു. ആലിപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി. അഫ്‌സല്‍, വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ഹംസക്കുട്ടി, ഫിഷറീസ് ഡപ്യുട്ടി ഡയറക്ടര്‍ ആഷിക് ബാബു, ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ശിഹാബുദ്ദീന്‍ പ്രമോട്ടര്‍മാരായ ഇക്ബാല്‍, വിനീത നവാസ്, ഷരീഫ്, മറ്റു മെമ്പര്‍മാര്‍, മത്സ്യത്തൊഴിലാളികള്‍, നാട്ടുകാര്‍ എന്നിവര്‍ പങ്കെടുത്തു.
