വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി കോക്കൂര്‍ എ.എച്ച്.എം ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍മ്മിച്ച പുതിയ കെട്ടിടം വിദ്യാഭ്യാസ-തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു. മികച്ച വിദ്യാഭ്യാസം പ്രാപ്തമാകണമെങ്കില്‍ മികച്ച ഭൗതിക സാഹചര്യങ്ങള്‍ ഉണ്ടാകണം. അതിനുവേണ്ടിയാണ് സര്‍ക്കാര്‍ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ മന്ത്രി പറഞ്ഞു. സ്‌കൂളിലെ ഹയര്‍സെക്കന്‍ഡറി വിഭാഗത്തിന്റെ നിലവിലെ കെട്ടിടം നവീകരിച്ച് പണിയുന്നതിനായി പ്ലാന്‍ ഫണ്ടില്‍ നിന്നും ഒരു കോടി രൂപ അനുവദിച്ചെന്നും മന്ത്രി പറഞ്ഞു.

പൊതുവിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റാന്‍ ലക്ഷ്യമിട്ടുകൊണ്ട് തുടങ്ങിയ വിദ്യാകിരണം പദ്ധതി പ്രകാരം 90 ലക്ഷം രൂപ കിഫ്ബിയില്‍ നിന്നും വകയിരുത്തിയാണ് കെട്ടിട നിര്‍മാണം പൂര്‍ത്തിയാക്കിയത്. മൂന്ന് നിലകളിലായി ആധുനിക രീതിയിലുള്ള 14 ക്ലാസ് റൂമുകള്‍, ലാബ്, സ്റ്റാഫ് റൂമുകള്‍ എന്നിവ ഉള്‍ക്കൊള്ളുന്നതാണ് കെട്ടിടം.

ചടങ്ങില്‍ പി. നന്ദകുമാര്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ചു. വിദ്യാകിരണം മിഷന്‍ ജില്ലാ കോഡിനേറ്റര്‍ സുരേഷ് കൊളശ്ശേരി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഇ. സിന്ധു, ആലംകോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്് കെ.വി. ഷഹീര്‍, വൈസ് പ്രസിഡന്റ് കെ.കെ. പ്രബിത, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ആരിഫ നാസര്‍, ആലങ്കോട് ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സി.കെ. പ്രകാശന്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സന്‍ ഷഹന നാസര്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ റീസ പ്രകാശ്, ആലംകോട് പഞ്ചായത്ത് മെമ്പര്‍, മൈമൂന ഫാറൂഖ്, പ്രിന്‍സിപ്പല്‍ വൈ. ഷാജഹാന്‍, എ.ഇ.ഒ വി. രമ, പി.ടി.എ പ്രസിഡന്റ് എന്‍.എച്ച്. ഷറഫുദ്ദീന്‍, എസ്.എം.സി ചെയര്‍മാന്‍ വി.വി. ശശിധരന്‍, അഷ്റഫ് കോക്കൂര്‍, അലുംനി പ്രസിഡന്റ് ഷാനവാസ് വട്ടത്തൂര്‍, പ്രധാനാധ്യാപിക കെ. റീജ, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.