തെരഞ്ഞെടുപ്പ് പെരുമാറ്റചട്ട പ്രകാരം ജനപ്രതിനിധികള്‍ ഔദ്യോഗിക പരിപാടികളില്‍ പങ്കെടുക്കരുതെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കളക്ടര്‍ എന്‍. ദേവിദാസ്. പെരുമാറ്റചട്ട നിരീക്ഷണ സമിതിയുടെ ചേംമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിക്കവേ രണ്ട് പരാതികള്‍ ലഭിച്ചെന്നും തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും അറിയിച്ചു.

പൊതുജനങ്ങള്‍, സ്ഥാനാര്‍ത്ഥികള്‍ എന്നിവരുടെ സംശയങ്ങളും പരാതികളും പരിഹരിക്കാന്‍ കളക്ടറേറ്റില്‍ ഹെല്‍പ്പ് ഡെസ്‌കിന്റെ പ്രവര്‍ത്തനം ആരംഭിച്ചു. ജില്ലാ പഞ്ചായത്ത് ഡെപ്യൂട്ടി സെക്രട്ടറിയാണ് ഹെല്‍പ്പ് ഡെസ്‌കിന്റെ നോഡല്‍ ഓഫീസര്‍, തദ്ദേശസ്വയംഭരണ വകുപ്പ് സീനിയര്‍ സൂപ്രണ്ടിനാണ് ചുമതല. 9497780415, 9744552240 താത്കാലിക നമ്പറായ 0474-2794961 മുഖേന പരാതികളും സംശയങ്ങളും അറിയിക്കാം.

സമിതിയുടെ കണ്‍വീനറായ തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ സുബോധ്, അംഗങ്ങളായ സിറ്റി പോലീസ് മേധാവി കിരണ്‍ നാരായണന്‍, ജില്ലാ റൂറല്‍ പോലീസ് മേധാവി വിഷ്ണു പ്രതീപ് ടി കെ, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ ബി ജയശ്രീ, അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ പ്രദീപ്, വകുപ്പ് തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.