ആധുനിക സാങ്കേതിക വിദ്യകളിലൂടെ വ്യാജ ചിത്രങ്ങളും ശബ്ദ സന്ദേശങ്ങളും തെറ്റായ വിവരങ്ങളും നിര്‍മ്മിക്കുന്നതും അവ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ ഉപയോഗിക്കുന്നതിനുമെതിരെ ശക്തമായ നടപടികളുണ്ടാവുമെന്ന് ഇടുക്കി ജില്ലാ കളക്ടര്‍ ഡോ.ദിനേശന്‍ ചെറുവാട്ട്. ജില്ലാതല മീഡിയ റിലേഷന്‍സ് സമിതി യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു കളക്ടര്‍.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പ് നിഷ്പക്ഷവും, നീതിയുക്തവും, സുതാര്യവുമായി നിര്‍വ്വഹിക്കുന്നതിന് വിവിധ വാര്‍ത്താ മാധ്യമങ്ങളുടെ ആത്മാര്‍ത്ഥവും ക്രിയാത്മകവുമായ സഹകരണം അത്യന്താപേക്ഷിതമാണ്. മറ്റു പൊതുതിരഞ്ഞെടുപ്പുകള്‍ക്ക് ബാധകമാകുന്ന എല്ലാ നിയമങ്ങളും ചട്ടങ്ങളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും തദ്ദേശ പൊതുതിരഞ്ഞെടുപ്പിനും ബാധകമാണ്.

തിരഞ്ഞെടുപ്പില്‍ മാധ്യമങ്ങള്‍ പാലിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറപ്പെടുവിച്ചിരുന്നു. തിരഞ്ഞെടുപ്പ് കമ്മിഷന്‍/ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍/ വരണാധികാരി/മറ്റ് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ കാലാകാലങ്ങളില്‍ പുറപ്പെടുവിക്കുന്ന എല്ലാ നിര്‍ദേശങ്ങളും/ഉത്തരവുകളും പാലിക്കണമെന്ന് കളക്ടര്‍ പറഞ്ഞു.

ഐ& പി.ആര്‍.ഡി ഡെപ്യൂട്ടി ഡയറക്ടര്‍ കെ.ആര്‍. പ്രമോദ് കുമാര്‍, ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ സുജ വര്‍ഗീസ്, ജില്ലാ ലോ ഓഫീസര്‍ ജി. രഘുറാം, അഡീഷണല്‍ എസ്.പി ഇമ്മാനുവല്‍ പോള്‍, തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ട്രീസാ ജോസ്, ഇടുക്കി പ്രസ് ക്ലബ് സെക്രട്ടറി ജെയ്‌സ് വാട്ടപ്പിള്ളി തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

ബന്ധപ്പെട്ട ടിവി/റേഡിയോ/ കേബിള്‍/ എഫ്എം ചാനലുകള്‍/ഇന്റര്‍നെറ്റ് വെബ്‌സൈറ്റുകള്‍/സോഷ്യല്‍ പ്ലാറ്റ്‌ഫോമുകള്‍ എന്നിവയ്ക്ക് ഏതെങ്കിലും പ്രക്ഷേപണ/ ടെലികാസ്റ്റുമായി ബന്ധപ്പെട്ട പരിപാടികള്‍ (എക്‌സിറ്റ് പോളുകള്‍ ഒഴികെ) നടത്തുന്നതിന് ആവശ്യമായ അനുമതിക്കായി സംസ്ഥാന/ ജില്ലാ/ തദ്ദേശ അധികാരികളെ സമീപിക്കാം. ഇത് മാതൃകാ പെരുമാറ്റച്ചട്ടത്തിലെ വ്യവസ്ഥകള്‍, കേബിള്‍ നെറ്റ്‌വര്‍ക്ക് (റെഗുലേഷന്‍) നിയമപ്രകാരം മര്യാദ, സാമുദായിക ഐക്യം നിലനിര്‍ത്തല്‍ എന്നിവയുമായി ബന്ധപ്പെട്ട് ഇന്‍ഫര്‍മേഷന്‍ ആക്ട്, 2000, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ എന്നിവയിലെ വ്യവസ്ഥകള്‍ പാലിക്കണം.

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഷ്ട്രീയകക്ഷികളും സ്ഥാനാര്‍ത്ഥികളും പത്രം, ടെലിവിഷന്‍, റേഡിയോ, സാമൂഹ്യമാധ്യമങ്ങള്‍ ഉള്‍പ്പെടെയുള്ള വിവിധ മാധ്യമങ്ങളില്‍ നല്‍കുന്ന പരസ്യങ്ങള്‍ നിയമാനുസൃതമായിരിക്കണം. അപകീര്‍ത്തിപരമായ പ്രചാരണങ്ങള്‍ പാടില്ല.

പ്രചാരണത്തിനായി ഉപയോഗിക്കുന്ന എ.ഐ., അല്ലെങ്കില്‍ ഡിജിറ്റലായി മാറ്റം വരുത്തിയ Al Generated/ ‘Digitally Enhanced’/ ‘Synthetic Content വ്യക്തമായ ലേബലുകള്‍ ഉള്‍ക്കൊള്ളിക്കേണ്ടതാണ്. വീഡിയോയില്‍ സ്‌ക്രീനിന് മുകളിലായി, ചിത്രങ്ങളില്‍ കുറഞ്ഞത് 10 ശതമാനം ഡിസ്‌പ്ലേ ഭാഗത്തും, ഓഡിയോയില്‍ ആദ്യ 10 ശതമാനം സമയദൈര്‍ഘ്യത്തിലും ലേബല്‍ വ്യക്തമായി ഉണ്ടാകണം. ഉള്ളടക്കം സൃഷ്ടിച്ച വ്യക്തിയുടെ/സ്ഥാപനത്തിന്റെ പേര് മെറ്റാഡാറ്റയിലും വിവരണത്തിലും വെളിപ്പെടുത്തണം.

പ്രചാരണത്തിന് ഉപയോഗിക്കുന്ന ഡീപ് ഫേക്ക്, സിന്തറ്റിക് കണ്ടന്റ് എന്നിവ പൊതുജനാഭിപ്രായത്തെ തെറ്റിദ്ധരിപ്പിക്കാനും തിരഞ്ഞെടുപ്പ് പ്രക്രിയയെ ബാധിക്കാനും സാധ്യതയുണ്ട്. ഐ ടി ആക്റ്റ് 2000, ഐടി (ഡിജിറ്റല്‍ മീഡിയ എത്തിക്‌സ് കോഡ്) റൂള്‍സ് 2021, ഭാരതീയ ന്യായ സംഹിത 2023, മാതൃകാ പെരുമാറ്റചട്ടം എന്നിവയിലുള്ള എല്ലാ വ്യവസ്ഥകളും ഇത്തരം ഉള്ളടക്കങ്ങളുടെ നിര്‍മ്മാണത്തിലും പ്രചാരണത്തിലും കൃത്യമായി പാലിക്കേണ്ടതാണ്.

സ്വതന്ത്രവും, നീതിപൂര്‍വവും, നിഷ്പക്ഷവുമായ തിരഞ്ഞെടുപ്പ് നടത്തിപ്പിന് എല്ലാ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളും സഹകരിക്കണം. മറ്റ് പൊതുതിരഞ്ഞെടുപ്പുകളില്‍ ബാധകമായിട്ടുള്ള ഇന്റര്‍നെറ്റ് ആന്റ് മൊബൈല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ (IAMAI) യുടെ മാര്‍ഗനിര്‍ദേശങ്ങള്‍ തദ്ദേശപൊതുതിരഞ്ഞെടുപ്പിനും ബാധകമാണ്. എല്ലാ ഇന്റര്‍നെറ്റ് വെബ്‌സൈറ്റുകളും, സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളും 2000 ലെ ഇന്‍ഫര്‍മേഷന്‍ ആക്റ്റിലെ വ്യവസ്ഥകളും, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും പാലിക്കണം. പ്രചാരണത്തിന്റെ വിശ്വാസ്യതയും മത്സരത്തിലെ തുല്യതയും ഉറപ്പാക്കുന്നതിന് സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയ പാര്‍ട്ടികളും പ്രചാരണം നടത്തുന്നവരും ഇക്കാര്യം കൃത്യമായി ശ്രദ്ധിക്കണം. മീഡിയ റിലേഷന്‍സ് കമ്മിറ്റിയോ, തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനോ നിയമപരമല്ലെന്ന് കണ്ടെത്തിയ ഉള്ളടക്കം സാമൂഹ്യമാധ്യമത്തില്‍ നിന്നും നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടാല്‍ അവ എത്രയും വേഗം നീക്കാം ചെയ്യേണ്ടതാണ്. അല്ലാത്തപക്ഷം നിയമപരമായ നടപടി സ്വീകരിക്കും.