തദ്ദേശ തിരഞ്ഞെടുപ്പ് ചാരണത്തിനായി ഉപയോഗിക്കുന്ന എ.ഐ അല്ലെങ്കിൽ ഡിജിറ്റലായി മാറ്റം വരുത്തിയ എല്ലാ ഉള്ളടക്കങ്ങളിലും എഐ ജനറേറ്റഡ്, ഡിജിറ്റൽ എൻഗാൻസ്ഡ്, സിന്തറ്റിക് കണ്ടന്റ് എന്നീ വ്യക്തമായ ലേബലുകൾ ഉൾക്കൊള്ളിക്കേണ്ടതാണെന്ന് കണ്ണൂർ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ അരുൺ കെ. വിജയൻ അറിയിച്ചു.
വീഡിയോയിൽ സ്‌ക്രീനിന് മുകളിലായി, ചിത്രങ്ങളിൽ കുറഞ്ഞത് 10 ശതമാനം ഡിസ്‌പ്ലേ ഭാഗത്തും, ഓഡിയോയിൽ ആദ്യ 10 ശതമാനം സമയദൈർഘ്യത്തിലും ലേബൽ വ്യക്തമായി ഉണ്ടാകണം. ഉള്ളടക്കം സൃഷ്ടിച്ച വ്യക്തിയുടെ/സ്ഥാപനത്തിന്റെ പേര് മെറ്റാഡാറ്റയിലും വിവരണത്തിലും വെളിപ്പെടുത്തണം.
ആധുനിക സാങ്കേതിക വിദ്യകളിലൂടെ വ്യാജ ചിത്രങ്ങളും ശബ്ദ സന്ദേശങ്ങളും തെറ്റായ വിവരങ്ങളും നിർമ്മിക്കുന്നതും അവ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ ഉപയോഗിക്കുന്നതിനുമെതിരെ ശക്തമായ നടപടികളുണ്ടാവും. പ്രചാരണത്തിന് ഉപയോഗിക്കുന്ന ഡീപ് ഫേക്ക്, സിന്തറ്റിക് കണ്ടന്റ് എന്നിവ പൊതുജനാഭിപ്രായത്തെ തെറ്റിദ്ധരിപ്പിക്കാനും തിരഞ്ഞെടുപ്പ് പ്രക്രിയയെ ബാധിക്കാനും സാധ്യതയുള്ളതിനാൽ മാതൃകാപെരുമാറ്റച്ചട്ടം കൃത്യമായി പാലിക്കണം. ഡീപ് ഫേക്ക് വീഡിയോ, ഓഡിയോ, തെറ്റായ വിവരങ്ങൾ, സ്ത്രീകളെ അപമാനിക്കുന്ന ഉള്ളടക്കം, കുട്ടികളെ പ്രചാരണത്തിനായി ഉപയോഗിക്കുന്നത്, മൃഗങ്ങളോടുള്ള ഹിംസ പ്രചരിപ്പിക്കുന്നത് എന്നിവ പൂർണ്ണമായും നിരോധിച്ചിട്ടുണ്ട്.
സാമൂഹ്യമാധ്യമങ്ങൾ സൈബർ പോലീസിന്റെ നിരീക്ഷണത്തിൽ
സ്വതന്ത്രവും, നീതിപൂർവവും, നിഷ്പക്ഷവുമായ തിരഞ്ഞെടുപ്പ് നടത്തിപ്പിന് എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളും സഹകരിക്കേണ്ടതുണ്ട്. മറ്റ് പൊതു തിരഞ്ഞെടുപ്പുകളിൽ ബാധകമായിട്ടുള്ള ഇന്റർനെറ്റ് ആന്റ് മൊബൈൽ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ മാർഗനിർദ്ദേശങ്ങൾ തദ്ദേശപൊതുതിരഞ്ഞെടുപ്പിനും ബാധകമാണ്. എല്ലാ ഇന്റർനെറ്റ് വെബ്സൈറ്റുകളും, സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളും 2000 ലെ ഇൻഫർമേഷൻ ആക്റ്റിലെ വ്യവസ്ഥകളും, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ മാർഗനിർദ്ദേശങ്ങളും പാലിക്കേണ്ടതുണ്ട്. പ്രചാരണത്തിന്റെ വിശ്വാസ്യതയും മത്സരത്തിലെ തുല്യതയും ഉറപ്പാക്കുന്നതിന് സ്ഥാനാർത്ഥികളും രാഷ്ട്രീയ പാർട്ടികളും പ്രചാരണം നടത്തുന്നവരും ഇക്കാര്യം കൃത്യമായി ശദ്ധിക്കേണ്ടതാണ്.
മീഡിയ റിലേഷൻസ് കമ്മിറ്റിയോ, തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനോ നിയമപരമല്ലെന്ന് കണ്ടെത്തിയ ഉള്ളടക്കം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടാൽ അവ സാമൂഹ്യമാധ്യമത്തിൽ നിന്നും എത്രയും വേഗം നീക്കാം ചെയ്യേണ്ടതാണ്. അല്ലാത്തപക്ഷം നിയമപരമായ നടപടി സ്വീകരിക്കും. സാമൂഹ്യമാധ്യമങ്ങളിലെ പ്രചാരണപരിപാടികൾ സൈബർ പോലീസ് വിഭാഗം നിരീക്ഷിച്ചുവരുന്നുണ്ട്. വ്യാജ കണ്ടന്റുകൾ കണ്ടെത്തുകയോ റിപ്പോർട്ട് ചെയ്യുകയോ ചെയ്താൽ പോലീസ് നിയമപരമായ നടപടി സ്വീകരിക്കും. അപകീർത്തികരമായതോ വ്യാജമായതോ, ദോഷകരമായതോ, ആയ ഉള്ളടക്കങ്ങൾ സാമൂഹ്യമാധ്യമങ്ങൾ പ്രചരിപ്പിക്കുന്നതിനെതിരെ നിയമപരമായ നടപടി സ്വീകരിക്കും. വിവിധ സമൂഹ മാധ്യമ പ്ലാറ്റ്ഫോമുകളിലെ ഗ്രൂപ്പുകളുടെ, പ്രത്യേകിച്ച് വാട്‌സാപ്പ് ഗ്രൂപ്പുകളിൽ പ്രചരണപ്രവർത്തനങ്ങൾ നിരീക്ഷണത്തിന് വിധേയമായിരിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനു വേണ്ടി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്ന കണ്ടന്റുകളെല്ലാം കമ്മീഷൻ സംസ്ഥാനതലത്തിലും ജില്ലാതലത്തിലും നിരീക്ഷിക്കാൻ സംവിധാനം ഒരുക്കിയിട്ടുണ്ട്.
ഒരാളുടെ രൂപം, ശബ്ദം, സ്വത്വം തുടങ്ങിയവ (കാർട്ടൂണുകളും, ആക്ഷേപഹാസ്യപരിപാടികളും അല്ലാതുള്ളവ) തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ മാറ്റിയും അനുമതിയില്ലാതെയും പ്രചരിപ്പിക്കുന്നതും ഒഴിവാക്കേണ്ടതാണ്. പാർട്ടികളുടെ ഔദ്യോഗിക സമൂഹ മാധ്യമ പ്ലാറ്റ്ഫോമുകളിൽ ഇത്തരം ഉള്ളടക്കം കണ്ടെത്തുകയോ റിപ്പോർട്ട് ചെയ്യുകയോ ചെയ്താൽ മൂന്നു മണിക്കൂറിനുള്ളിൽ അത് നീക്കം ചെയ്യേണ്ടതാണ്. കൂടാതെ അവയുടെ സൃഷ്ടിക്ക് ഉത്തരവാദികളായവർക്ക് മുന്നറിയിപ്പ് നൽകുകയും, വ്യാജ അക്കൗണ്ടുകളും നിയമവിരുദ്ധ വിവരങ്ങളും അതത് പ്ലാറ്റ് ഫോമുകൾക്ക് റിപ്പോർട്ട് ചെയ്യുകയും വേണം. എ.ഐ. ഉപയോഗിച്ച് നിർമ്മിച്ച എല്ലാ പ്രചാരണ സാമഗ്രികളും സൃഷ്ടിക്കപ്പെട്ട തീയതി, നിർമ്മാതാവിന്റെ വിവരങ്ങൾ എന്നിവ ആഭ്യന്തര രേഖകളായി രാഷ്ട്രീയ പാർട്ടികൾ സൂക്ഷിക്കുകയും കമ്മീഷനോ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനോ വരണാധികാരിയോ ആവശ്യപ്പെട്ടാൽ അവ ഹാജരാക്കുകയും വേണം.
