കോടതികളില്‍ കെട്ടികിടക്കുന്ന കേസുകള്‍ക്ക് പരിഹാരം കണ്ടെത്താന്‍ സുപ്രീം കോടതിയുടെ നിര്‍ദേശ പ്രകാരം നടപ്പാക്കുന്ന മീഡിയേഷന്‍ ഫോര്‍ ദി നേഷന്‍ 2.0 തര്‍ക്ക പരിഹാര പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് ജനുവരി രണ്ടിന് ജില്ലയിൽ തുടക്കമാവും. സുപ്രീം കോടതിയുടെ മീഡിയേഷന്‍ ആന്‍ഡ് കണ്‍സിലിയേഷന്‍ പ്രൊജക്ട് കമ്മിറ്റിയും (എം.സി.പി.സി) സംസ്ഥാന മീഡിയേഷന്‍ ആന്‍ഡ് കണ്‍സിലിയേഷന്‍ സെന്ററും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. ജില്ലാ-മുന്‍സിഫ്-സബ് കോടതികള്‍, കുടുംബ-താലൂക്ക് കോടതികള്‍, ഗ്രാമ ന്യായാലയങ്ങള്‍ എന്നിവിടങ്ങളിലെ കേസുകള്‍ മധ്യസ്ഥത മുഖേന വേഗത്തില്‍ ഒത്തുതീര്‍പ്പാക്കുകയാണ് പദ്ധതി ലക്ഷ്യം.

2026 ജനുവരി രണ്ട് മുതല്‍ ജനുവരി 31 വരെ കേസുകള്‍ കോടതികളില്‍ നിന്നും മീഡിയേഷന്‍ സെന്ററിലേക്ക് അയക്കാവുന്നതാണ്. കുടുംബ തര്‍ക്കങ്ങള്‍, വസ്തു സംബന്ധമായ കേസുകള്‍, ബിസിനസ് തര്‍ക്കങ്ങള്‍, ഇന്‍ഷുറന്‍സ്, വാഹന അപകട കേസുകള്‍, ബാങ്കിങ് മറ്റ് സിവില്‍ കേസുകള്‍ എന്നിവയില്‍ മധ്യസ്ഥതാ നടപടികള്‍ സ്വീകരിക്കും. ഇതിലൂടെ കക്ഷികള്‍ക്ക് സമയം ലാഭവും കോടതി ചെലവും കുറയ്ക്കാന്‍ കഴിയും. ജില്ലാ മീഡിയേഷന്‍ സെന്ററുകളില്‍ കക്ഷികള്‍ക്ക് പരിചയസമ്പന്നരായ മീഡിയേറ്റര്‍മാരുടെ സേവനം സൗജന്യമായി ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ ജില്ലാ കോടതികളില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയിലും, ജില്ലാ മീഡിയേഷന്‍ സെന്ററിലും ലഭിക്കും. ഫോണ്‍- 04936 207800