സാർവത്രിക പാലിയേറ്റീവ് പരിചരണ പരിപാടിയുടെ ഭാഗമായി ആരോഗ്യ വകുപ്പിൻ്റെയും ആരോഗ്യ കേരളത്തിൻ്റെയും ആഭിമുഖ്യത്തിൽ കൊളോസ്‌റ്റമി രോഗികളുടെ ആരോഗ്യ- ആനന്ദ സംഗമം സംഘടിപ്പിച്ചു. രോഗികളുടെ ശാരീരികവും മാനസികവുമായ ഉല്ലാസത്തിന് അവസരമൊരുക്കുകയും പരസ്പര ബന്ധങ്ങളിലൂടെയും കൂട്ടായ്മകളിലൂടെയും രോഗം മൂലമുള്ള ബുദ്ധിമുട്ടുകൾ പരിഹരിക്കുകയുമാണ് ലക്ഷ്യം.

കൽപ്പറ്റ സമസ്‌ത ഹാളിൽ വച്ച് നടന്ന പരിപാടി ആരോഗ്യ കേരളം പ്രോഗ്രാം മാനേജർ ഡോ സമീഹ സൈതലവി ഉദ്ഘാടനം ചെയ്തു. ജില്ലാ എൻ.പി.എൻ.സി.ഡി നോഡൽ ഓഫീസർ ഡോ. കെ.ആർ ദീപ അദ്ധ്യക്ഷയായ ചടങ്ങിൽ ജില്ലാ എജ്യുക്കേഷൻ ആൻ്റ് മീഡിയ ഓഫീസർ കെ.എം മുസ്‌തഫ, ജില്ലാ പാലിയേറ്റീവ് കോഡിനേഷൻ കമ്മറ്റി പ്രസിഡൻ്റ് പി അസൈനാർ, ആരോഗ്യ കേരളം അക്കൗണ്ട്സ് ഓഫീസർ ജോജി, ജില്ലാ പാലിയേറ്റീവ് കോഡിനേറ്റർ പി സ്‌മിത എന്നിവർ സംസാരിച്ചു. കൽപ്പറ്റ ജനറൽ ആശുപത്രിയിലെ സർജൻ ഡോ. അരുൺ സി ദാസ് രോഗികളുടെ സംശയങ്ങൾക്ക് മറുപടി നൽകുകയും ബുദ്ധിമുട്ടുകൾ പരിഹരിക്കാനുള്ള ഉപദേശ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. രോഗികളുടെയും അവരെ പരിചരിക്കുന്നവരുടെയും കലാ പരിപാടികളും നടന്നു. രോഗികൾ, അവരെ പരിചരിക്കുന്നവർ, ആരോഗ്യപ്രവർത്തകർ, പാലിയേറ്റീവ് പ്രവർത്തകർ, സന്നദ്ധ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.