വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സന്‍ അഡ്വ. പി. സതിദേവിയുടെ അധ്യക്ഷതയില്‍ ജവഹര്‍ ബാലഭവനില്‍ നടത്തിയ സിറ്റിങില്‍ 21 കേസുകള്‍ തീര്‍പ്പാക്കി. 85 കേസുകളാണ് പരിഗണിച്ചത്. നാല് കേസുകള്‍ പോലീസിനും രണ്ടെണ്ണം ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിക്കും റിപ്പോര്‍ട്ടിനയച്ചു. മൂന്ന് പുതിയ കേസുകള്‍ ലഭിച്ചു. 58 കേസുകള്‍ അടുത്ത സിറ്റിങിലേക്ക് മാറ്റി.

സ്ത്രീകള്‍ക്കെതിരെയുള്ള അക്രമം സംബന്ധിച്ച പരാതികളില്‍ പോലീസിന്റെ കൂടുതല്‍ ഗൗരവതരമായ ഇടപെടല്‍ ആവശ്യമാണ്. ശക്തമായ നടപടി സ്വീകരിക്കുന്നതിന് ജില്ലാ പോലീസ് മേധാവിക്ക് നിര്‍ദേശം നല്‍കുമെന്ന് കമ്മീഷന്‍ വ്യക്തമാക്കി. സ്ത്രീകളുടെ മാനസികാരോഗ്യ ശാക്തീകരണത്തിനായി ജനുവരിയില്‍ ‘പറന്നുയരാന്‍ കരുത്തോടെ’ സംസ്ഥാനതല ക്യാമ്പയിന്‍ നടത്താന്‍ ഉദ്ദേശിക്കുന്നെന്നും അറിയിച്ചു.
അംഗങ്ങളായ അഡ്വ. ഇന്ദിര രവീന്ദ്രന്‍, അഡ്വ. ഹേമ ശങ്കര്‍, അഡ്വ. സീനത്ത് ബീഗം, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജോസ് കൂര്യന്‍, കൗണ്‍സിലര്‍ സിസ്റ്റര്‍ സംഗീത തുടങ്ങിയവര്‍ പങ്കെടുത്തു.