* ഇതുവരെ കള്ളിങ്ങിന് വിധേയമാക്കിയത് 3795 പക്ഷികളെ
* നെടുമുടി, കരുവാറ്റ, തകഴി, കുമാരപുരം പഞ്ചായത്തുകളിൽ കള്ളിങ് പൂർത്തിയായി
ആലപ്പുഴ ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ച പഞ്ചായത്തുകളിൽ പക്ഷികളെ കൊന്നു മറവുചെയ്യുന്ന പ്രധാന നടപടി (കള്ളിങ്) പുരോഗമിക്കുന്നു. ഡിസംബര്‍ 26ന് വൈകിട്ട് വരെയുള്ള കണക്ക് പ്രകാരം ഇതുവരെ 3795 പക്ഷികളെ കള്ളിങ്ങിന് വിധേയമാക്കി. നെടുമുടി, കരുവാറ്റ, തകഴി, കുമാരപുരം പഞ്ചായത്തുകളിൽ കള്ളിങ് പൂർത്തിയായി. കാർത്തികപ്പള്ളി, പുന്നപ്ര സൗത്ത്, ചെറുതന, അമ്പലപ്പുഴ സൗത്ത് എന്നീ പഞ്ചായത്തുകളിൽ കള്ളിങ് പുരോഗമിക്കുകയാണ്.
കുമാരപുരം പഞ്ചായത്തിൽ 131 പക്ഷികളെയാണ് വൈകുന്നേരം വരെ കള്ളിങ്ങിന് വിധേയമാക്കിയത്. തകഴിയിൽ 286 പക്ഷികളെയും കരുവാറ്റയിൽ 715 പക്ഷികളെയും നെടുമുടിയിൽ 2663 പക്ഷികളെയും കൊന്നൊടുക്കി. എട്ട് ദ്രുതപ്രതികരണ സംഘങ്ങളാണ് നേതൃത്വം നൽകിയത്.
പക്ഷികളെ കൊന്നശേഷം വിറക്, ഡീസൽ, പഞ്ചസാര എന്നിവ ഉപയോഗിച്ച് നിശ്ചിത സ്ഥലങ്ങളിൽ കത്തിച്ച് കളയുകയാണ് ചെയ്യുന്നത്. കത്തിക്കൽ പൂർത്തിയായശേഷം പ്രത്യേക സംഘമെത്തി 29ന് അണുനശീകരണം നടത്തും.
