ജീവിതശൈലീ രോഗങ്ങള്‍ക്കെതിരെയുള്ള ജനകീയമുന്നേറ്റയജ്ഞമായ ‘ആരോഗ്യം ആനന്ദം വൈബ് 4 വെല്‍നെസ്’ ക്യാമ്പയിനിന് തുടക്കമായി. ആരോഗ്യകരമായ ഭക്ഷണം, പ്രായാനുസൃത വ്യായാമം, കൃത്യമായ ഉറക്കം, ആരോഗ്യ പരിപാലനം എന്നിവയില്‍ പൊതുജന സ്വഭാവരൂപീകരണം സാധ്യമാക്കുകയാണ് ലക്ഷ്യം.
ക്യാമ്പയിന്റെ ഭാഗമായി ജില്ലാ ആശുപത്രിയുടെ സമീപത്തുള്ള വാമോസ് ടര്‍ഫില്‍ ക്രിക്കറ്റ് മത്സരങ്ങള്‍ക്ക് തുടക്കമായി. ഉദ്ഘാടനം എം. നൗഷാദ് എം.എല്‍.എ നിര്‍വഹിച്ചു. ആദ്യമത്സരത്തില്‍ ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ദേവ് കിരണിന്റെ നേതൃത്വത്തിലുള്ള ടീം വിജയിച്ചു.
ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള കലക്ടറേറ്റ് ടീം, ആരോഗ്യ വകുപ്പ്, എക്സൈസ്, ട്രഷറി, പെരുമണ്‍ എന്‍ജിനീയറിങ് വിഭാഗം, സ്വകാര്യ മെഡിക്കല്‍ കോളജില്‍ നിന്നുള്ള ടീം, വനിത ടീമുകള്‍ പങ്കെടുക്കുന്ന മത്സരങ്ങളും ഉണ്ടാകും. ഫൈനല്‍ മത്സരം ഡിസംബര്‍ 30ന് വൈകിട്ട് നാലിന് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. ആര്. അരുണ്‍ ബാബു ഉദ്ഘാടനം ചെയ്യും.
പ്രചരണാര്‍ഥം കാസര്‍ഗോഡ് നിന്നെത്തുന്ന സൈക്കിള്‍ റാലി, കെ.എസ്.ആര്.ടി.സി വാഹന പ്രചരണജാഥ എന്നിവ ഡിസംബര്‍ 31ന് ജില്ലയില്‍ പ്രവേശിക്കും. ജില്ലാതല ഉദ്ഘാടന സമ്മേളനം കൊട്ടാരക്കര കെ.എസ്.ആര്.ടി.സി ബസ് സ്റ്റാന്റിന് സമീപം ഉച്ചയ്ക്ക് 12ന് നടക്കും. കലാപരിപാടികളും അരങ്ങേറും. ക്യാമ്പയിനിന്റെ ഭാഗമായി ജനകീയാരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ മെഡിക്കല്‍ കോളജ്തലം വരെ വിവിധ ജീവിതശൈലീ രോഗ നിര്‍ണയ ക്ലിനിക്കുകള്‍, തൊഴിലിടങ്ങള്‍ കേന്ദ്രീകരിച്ചുള്ള സ്ക്രീനിങ് ക്യാമ്പുകള്‍, തുടര്‍പരിശോധനകള്‍, വിദഗ്ധ ഡോക്ടര്‍മാരെ ഉള്‍പ്പെടുത്തിയുള്ള മെഡിക്കല്‍ ക്യാമ്പുകള്‍, ഫോളോ അപ്പുകള്‍, ബോധവത്കരണ പരിപാടികളും സംഘടിപ്പിക്കും. .
