ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗ പരിശോധന ശിക്ഷാര്‍ഹമാണെന്നും ഇത് ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ടി.കെ. ജയന്തി. നിയമം ലംഘിക്കുന്ന സ്‌കാനിങ് സെന്ററുകള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും. ഗര്‍ഭസ്ഥ ശിശു ലിംഗ പരിശോധനാ നിയമത്തെക്കുറിച്ച് സ്‌കാനിംഗ് സെന്റര്‍ നടത്തിപ്പുകാര്‍ക്ക് പരിശീലനം നല്‍കും.
യോഗത്തില്‍ പുതുതായി എട്ട് സ്ഥാപനങ്ങള്‍ക്ക് അംഗീകാരം നല്‍കി. പുതുതായി രജിസ്ട്രേഷന്‍ എടുക്കുന്ന സ്ഥാപനങ്ങള്‍ക്ക് പരിശീലനം നല്‍കും. ജില്ലയിലെ പ്രധാനയിടങ്ങളില്‍ ഗര്‍ഭസ്ഥ ശിശു ലിംഗനിര്‍ണയം നടത്തുന്നതിനെതിരെ ബോധവത്ക്കരണം നടത്തുന്നതിന്റെ ഭാഗമായി ബോര്‍ഡുകള്‍ സ്ഥാപിക്കും.
ജില്ലയിലെ സ്‌കാനിങ് സെന്ററുകളുടെ രജിസ്ട്രേഷനും നടത്തിപ്പുമായി ബന്ധപ്പെട്ട വിവരങ്ങളും യോഗത്തില്‍ വിശകലനം ചെയ്തു. നിയമാനുസൃത യോഗ്യതയുള്ള ഡോക്ടര്‍ മാത്രമേ സ്‌കാനിങ് നടത്താവൂ. ഇത് സ്ഥാപന ഉടമകള്‍ ഉറപ്പ് വരുത്തണം. പുതുതായി ആരംഭിക്കുന്ന എല്ലാ സ്ഥാപനങ്ങളും സ്ഥാപനങ്ങള്‍ക്കുള്ള രജിസ്ട്രേഷന് അപേക്ഷിക്കണമെന്നും യോഗത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ജില്ലാ ആര്‍.സി.എച്ച് ഓഫീസര്‍ ഡോ. എന്‍.എന്‍ പമീലി, സാമൂഹ്യപ്രവര്‍ത്തക ബീനാ സണ്ണി, അഡ്വ. സുജാത വര്‍മ, ജില്ലാ എഡ്യുക്കേഷന്‍ മീഡിയ ഓഫിസര്‍ കെ.പി സാദിഖലി എന്നിവര്‍
പങ്കെടുത്തു.
