മലയാള ഭാഷയുടെയും സംസ്കാരത്തിന്റെയും പരിപോഷണത്തിന് ശക്തി പകരുന്ന മാധ്യമ പ്രവർത്തനം, പൊതു സമൂഹത്തെ സ്വാധീനിക്കുകയും സമൂഹത്തിൽ ഏറെ ചർച്ച ചെയ്യപ്പെടുകയും ചെയ്ത അന്വേഷാത്മക മാധ്യമ പ്രവർത്തനം, നിയമസഭാ നടപടികളുടെ റിപ്പോർട്ടിംഗ് എന്നീ മേഖലകളിൽ ദൃശ്യ – അച്ചടി മാധ്യമ വിഭാഗങ്ങളിലെ മികച്ച സൃഷ്ടികൾക്കായി കേരള നിയമസഭ ഏർപ്പെടുത്തിയിട്ടുള്ള നിയമസഭാ മാധ്യമ അവാർഡിന്റെ 2025 വർഷത്തെ ജേതാക്കളെ പ്രഖ്യാപിച്ചു.
അച്ചടി മാധ്യമ വിഭാഗത്തിൽ ആർ. ശങ്കരനാരായണൻ തമ്പി നിയമസഭാ മാധ്യമ അവാർഡ് സൂരജ് ടി, മാതൃഭൂമി യാത്ര മാഗസീൻ (കപാലിയുടെ നൃത്തം, മത്തവിലാസം കൂത്ത് എന്ന ഫീച്ചർ), ഇ.കെ.നായനാർ നിയമസഭാ മാധ്യമ അവാർഡ് – പി. വി. ജിജോ, ദേശാഭിമാനി (മാലിന്യമല്ല മാണിക്യം എന്ന റിപ്പോർട്ട്), ജി. കാർത്തികേയൻ നിയമസഭാ മാധ്യമ അവാർഡ് – എം. ബി. സന്തോഷ്, മെട്രോവാർത്ത (സഭയിലെ ചോദ്യങ്ങൾ, ഉത്തരങ്ങളും എന്ന ലേഖനം) എന്നിവരും ദൃശ്യ മാധ്യമ വിഭാഗത്തിൽ സി. അച്ച്യുത മേനോൻ നിയമസഭാ മാധ്യമ അവാർഡ് – അഞ്ജു രാജ്, ഏഷ്യാനെറ്റ് ന്യൂസ് (മേളപ്പെരുമയുടെ നെറ്റിപ്പട്ടങ്ങൾ എന്ന പരിപാടി), കെ.ആർ. ഗൗരിയമ്മ നിയമസഭാ മാധ്യമ അവാർഡ് – ബിജു കെ. എം., ഏഷ്യാനെറ്റ് ന്യൂസ് (നീതി ആര് നൽകും എന്ന റിപ്പോർട്ട്) എന്നിവരും അർഹരായി.
50,000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് ഓരോ അവാർഡും. ജേതാക്കൾക്കുള്ള പുരസ്കാര വിതരണം കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം നാലാം പതിപ്പിന്റെ വേദിയിൽ സ്പീക്കർ നിർവ്വഹിക്കും.
കേരള മീഡിയ അക്കാഡമി ചെയർമാൻ ആർ. എസ്. ബാബു. ചെയർമാനും പി. എസ്.രാജശേഖരൻ, ആലങ്കോട് ലീലാകൃഷ്ണൻ, സരസ്വതി നാഗരാജൻ, കെ. കെ. ഷാഹിന എന്നിവർ അംഗങ്ങളും നിയമസഭാ സെക്രട്ടറി ഡോ. എൻ. കൃഷ്ണകുമാർ മെമ്പർ സെക്രട്ടറിയുമായ ജൂറിയാണ് അവാർഡ് ജേതാക്കളെ തെരഞ്ഞെടുത്തത്.
