വിവിധ മേഖലകളിൽ സ്ത്രീകൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ. ബാലഗോപാൽ. കുടുംബശ്രീ ‘ഉയരെ’ ക്യാമ്പയിൻ അയൽക്കൂട്ടതല ഉദ്ഘാടനം കരീപ്രയിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഗ്രാമപ്രദേശങ്ങളിലെ സ്ത്രീകൾക്ക് അസാപ്പ് സ്കിൽ സെന്റർ വഴി അക്കൗണ്ടിംഗ് തൊഴിൽ പരിശീലന പരിപാടി ആവിഷ്കരിക്കും. പ്രാദേശികതലത്തിൽ ജോലി സാധ്യത വർദ്ധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

വിഷൻ 2031 ന്റെ ഭാഗമായി സംസ്ഥാനത്തെ സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം 50 ശതമാനമായി ഉയർത്തുക എന്ന ലക്ഷ്യത്തോടെ കുടുംബശ്രീയുടെ നേതൃത്വത്തിൽ സംസ്ഥാനത്തുടനീളം നടപ്പാക്കുന്ന ജെൻഡർ ക്യാമ്പയിനാണ് ‘ഉയരെ’ ഉയരട്ടെ കേരളം വളരട്ടെ പങ്കാളിത്തം. സ്ത്രീകളുടെ സാമ്പത്തിക-സാമൂഹിക- മാനസിക മേഖലകളിലെ ഉന്നമനമാണ് പദ്ധതിയുടെ ലക്ഷ്യം. ദേശീയ ജെൻഡർ ക്യാമ്പയിൻ ചേതന 4. O യുമായി സംയോജിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ലിംഗസമത്വം,ലിംഗ നീതി എന്നിവ ഉറപ്പാക്കുന്നതിന് പൊതുജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്തുന്നതിന് പൊതു ഇടങ്ങളിൽ ജെൻഡർ പ്രതിജ്ഞ, ലിംഗാധിഷ്ഠിത അതിക്രമങ്ങൾക്ക് എതിരായ പ്രചാരണം, ബോധവൽക്കരണ ക്ലാസുകൾ, പോസ്റ്റർ രചന എന്നിവ നടത്തും.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മനു ബിനോദ് അധ്യക്ഷനായി. ജില്ലാ മിഷൻ കോർഡിനേറ്റർ ആർ.വിമൽ ചന്ദ്രൻ പദ്ധതി വിശദീകരിച്ചു. ജില്ലാ പഞ്ചായത്ത് അംഗം സുമാലാൽ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ്  ബിന്ദു, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എൻ.എസ്.സജീവ്, കുടുംബശ്രീ ചെയർപേഴ്സൺ ജെ.മിനിമോൾ, വാർഡ് അംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.