മലയാളികളുടെ വ്യക്തിശുചിത്വബോധം പരിസര ശുചിത്വ ശീലങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കേണ്ടതുണ്ടെന്നു മന്ത്രി കടന്നപ്പളളി രാമചന്ദ്രൻ അഭിപ്രായപ്പെട്ടു. ഹരിതകേരളം മിഷൻ രണ്ടാം വാർഷികത്തിന്റെ ഭാഗമായി പഞ്ചാരക്കൊല്ലിയിൽ സംഘടിപ്പിച്ച ഏകദിന തോട് ശുചീകരണ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകത്ത് എട്ടിൽ ഒരാൾ മരിക്കുന്നത് വായു മലിനീകരണം മൂലമെന്നാണ് പുതിയ പഠനങ്ങൾ തെളിയിക്കുന്നത്. വായുവിനെയും ജലത്തെയും ചുറ്റുപാടുകളെയും മലീമസമാക്കുന്നതിൽ നാം അറിഞ്ഞോ അറിയാതെയോ ഭാഗഭാക്കുകളാവുന്നു. പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള അജൈവമാലിന്യങ്ങൾ കത്തിക്കുമ്പോൾ കാൻസറിനു കാരണമാവുന്ന വിഷവാതകങ്ങൾ അന്തരീക്ഷത്തിൽ കലരുകയാണ്. മാലിന്യങ്ങൾ വലിച്ചെറിയുന്ന കുപ്പത്തൊട്ടികളായി ജലസ്രോതസ്സുകൾ മാറുന്നു. ഇതിന് അറുതിവരുത്താൻ വാർഡ്‌തോറും ശുചിത്വ ജാഗ്രതാസമിതികൾ രൂപീകരിക്കണം. ഇവരുടെ നേതൃത്വത്തിൽ ജനപങ്കാളിത്ത മാലിന്യപരിപാലന സംവിധാനം നടപ്പിലാക്കണം.
എംഎൽഎ ഒ.ആർ. കേളു അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർമാൻ വി.ആർ. പ്രവീജ്, സബ് കളക്ടർ എൻ.എസ്.കെ ഉമേഷ്, വികസനകാര്യ ചെയർമാൻ പി.ടി. ബിജു, വാർഡ് കൗൺസിലർ കെ.വി. ജുബൈർ, ഹരിതകേരളം മിഷൻ കോർഡിനേറ്റർ ബി.കെ. സുധീർ കിഷൻ എന്നിവർ സംസാരിച്ചു.
വൈത്തിരി പഞ്ചായത്തിൽ കരിമ്പിൻചാൽ, വട്ടപ്പാറ കൈത്തോടുകളുടെ ശുചീകരണ പ്രവൃത്തികൾ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് യു.സി. ഗോപി ഉദ്ഘാടനം ചെയ്തു. പുൽപ്പള്ളി മുദ്ദള്ളി തോട് ശുചീകരണത്തിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ് കുമാർ നിർവഹിച്ചു. ഗ്രാമപഞ്ചാത്ത് പ്രസിഡന്റ് ബിന്ദു പ്രകാശ് അധ്യക്ഷത വഹിച്ചു. മുള്ളൻകൊല്ലി പഞ്ചായത്തിലുൾപ്പെടുന്ന ഭാഗം പ്രസിഡന്റ് ഗിരിജ കൃഷ്ണന്റെ നേതൃത്വത്തിൽ ശുചീകരിച്ചു. വൈസ് പ്രസിഡന്റ് ശിവരാമൻ പാറക്കുഴി അധ്യക്ഷത വഹിച്ചു.
തിരുനെല്ലിയിൽ പഞ്ചായത്ത് പ്രസിഡന്റ് ജി. മായാദേവി, സുൽത്താൻ ബത്തേരി മുനിസിപ്പാലിറ്റിയിൽ ചെയർമാൻ ടി.എൽ. സാബു, കോട്ടത്തറ പഞ്ചായത്തിൽ പ്രസിഡന്റ് ലീലാമ്മ ജോസഫ് എന്നിവർ തോട് ശുചീകരണം ഉദ്ഘാടനം ചെയ്തു. പനമരം പഞ്ചായത്തിൽ കുടിയോംവയൽ തോട് ശുചീകരണം വൈസ് പ്രസിഡന്റ് മോഹനൻ, അമ്പലവയൽ പഞ്ചായത്തിൽ കോട്ടൂർ കുപ്പമുടി തോട് ശുചീകരണം പ്രസിഡന്റ് സീതാ വിജയൻ ഉദ്ഘാടനം ചെയ്തു. പൂതാടി പഞ്ചായത്തിൽ പ്രസിഡന്റ് രുഗ്മണി സുബ്രഹ്മണ്യന്റെ നേതൃത്വത്തിൽ നരസിപ്പുഴ ശുചീകരിച്ചു. വൈസ് പ്രസിഡന്റ് അധ്യക്ഷയായിരുന്നു. തവിഞ്ഞാൽ പഞ്ചായത്തിൽ തലപ്പുഴയിൽ ഉദ്ഘാടനം പ്രസിഡന്റ് അനിഷ സുരേന്ദ്രൻ നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്‌സൺ കെ. ഷബിത അധ്യക്ഷയായിരുന്നു. വെള്ളമുണ്ട പഞ്ചായത്തിൽ വെട്ടുതോട് ശുചീകരണം പ്രസിഡന്റ് പി. തങ്കമണി ഉദ്ഘാടനം ചെയ്തു.