കിഫ്ബിയിലൂടെ 90,000 കോടി രൂപയുടെ പദ്ധതികള്‍ നടപ്പാക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കുണ്ടറ താലൂക്ക് ആശുപത്രിയില്‍ കിഫ്ബിയുടെ 76.13 കോടി രൂപ ചിലവില്‍പൂര്‍ത്തിയാക്കിയ ഏഴുനില കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് 50,000 കോടി രൂപയുടെ പശ്ചാത്തലസൗകര്യ വികസനമാണ് കിഫ്ബി മുഖേന ലക്ഷ്യമിട്ടത്. അഞ്ചു വര്‍ഷം പൂര്‍ത്തിയായപ്പോള്‍ 62000 കോടി രൂപയുടെ പദ്ധതികള്‍ ഏറ്റെടുത്തു. നിലവില്‍ 90,000 കോടി രൂപയുടെ പദ്ധതികളായി. വിദ്യാഭ്യാസ-ആരോഗ്യസ്ഥാപനങ്ങള്‍, റോഡ്, പാലം, മേല്‍പാലങ്ങള്‍, തുടങ്ങി എല്ലായിടത്തും സാക്ഷ്യപത്രങ്ങള്‍ കാണാം. മാറ്റങ്ങളുടെ പട്ടികയില്‍ കുണ്ടറ താലൂക്ക് ആശുപത്രി മുന്നിലാണ്. എക്‌സ്-റേ, അള്‍ട്രാസൗണ്ട്, സ്ത്രീ-പുരുഷ വാര്‍ഡുകള്‍, ലബോറട്ടറി, ബ്ലഡ് സ്റ്റോറേജ് യൂണിറ്റ് തുടങ്ങി അത്യാധുനിക സൗകര്യങ്ങളാണ് സജ്ജമാക്കിയിരിക്കുന്നത്.

പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തി. താലൂക്ക് ആശുപത്രി മുതല്‍ മെഡിക്കല്‍ കോളേജുകളില്‍ വരെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി സേവനങ്ങള്‍ ലഭ്യമാക്കുന്നു. നവജാത ശിശുക്കളുടെ മരണനിരക്ക് കുറഞ്ഞു. ആയുര്‍ദൈര്‍ഘ്യം വര്‍ദ്ധിച്ചു; മാതൃമരണനിരക്ക് കുറയ്ക്കാനായി. ലോകത്താകെ മാതൃകയാകുന്ന പ്രവര്‍ത്തനങ്ങളാണ് കഴിഞ്ഞ 10 വര്‍ഷങ്ങളായി നടപ്പാക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അധ്യക്ഷയായി. എല്ലാ ആരോഗ്യകേന്ദ്രങ്ങളിലും ആര്‍ദ്രം മിഷന്‍ വഴി അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കിയതായി പറഞ്ഞു. 1200 ലാബുകളെ ‘ഹബ് ആന്‍ഡ് സ്‌പോക്ക്’ മാതൃകയില്‍ ബന്ധിപ്പിച്ച്, 131 പരിശോധനകള്‍ വീടിനടുത്തുള്ള ആരോഗ്യകേന്ദ്രങ്ങളില്‍ ലഭ്യമാക്കാന്‍ ‘നിര്‍ണയ’ പദ്ധതി നടപ്പാക്കി. കൊട്ടാരക്കര, കരുനാഗപ്പള്ളി, നീണ്ടകര, പുനലൂര്‍ താലൂക്ക് ആശുപത്രികളില്‍ പുതിയകെട്ടിടങ്ങള്‍. സൗജന്യചികിത്സ കൂടുതല്‍ നല്‍കുന്ന സംസ്ഥാനമായ കേരളം ആരോഗ്യ സൂചകങ്ങളുടെ മാനദണ്ഡങ്ങളിലും മുന്നേറുകയാണ് – മന്ത്രി വ്യക്തമാക്കി.

ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍ മുഖ്യാതിഥിയായി. പി.സി വിഷ്ണുനാഥ് എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി. എംഎല്‍എമാരായ എം. മുകേഷ്, കോവൂര്‍ കുഞ്ഞുമോന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആര്‍. ലതാദേവി, ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ്, മുന്‍ മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ, ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. കെ ജെ റീന, ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി. ബൈജു, വൈസ് പ്രസിഡന്റ് ബിന്ദുമോള്‍, ബ്ലോക്ക് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എ.വിജയകുമാര്‍, ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ബി ജയന്തി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ വിനോദ്കുമാര്‍, സൈമണ്‍ വര്‍ഗീസ്, വിനീത വിജയന്‍, മനോജ്, എസ് ശ്യാം, റോസമ്മ മാര്‍ഷല്‍, മായാ നെപ്പോളിയന്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ് ഡോ. എം എസ് അനു, എന്‍ എച്ച് എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ദേവ്കിരണ്‍, കുണ്ടറ താലൂക്ക് ആശുപത്രി മെഡിക്കല്‍ സൂപ്രണ്ട് ഡോ. ജി. ബാബുലാല്‍, ജില്ലാ-ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍, രാഷ്ട്രീയകക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.