മാനന്തവാടി കബനി പുഴയില്‍ മൈക്രോ പ്ലാസ്റ്റിക്കിന്റെ അംശം കണ്ടെത്തിയതിനെ തുടര്‍ന്ന് കൂട്ടായ പങ്കാളിത്തതോടെ കബനി പുഴ ശുദ്ധീകരിക്കാന്‍ ഒരുങ്ങി മാനന്തവാടി നഗരസഭ. മാനന്തവാടി മേരി മതാ കോളേജിലെ ഗവേഷണ വിഭാഗമാണ് കബനി പുഴ മലിനമാകുന്ന മൈക്രോ പ്ലാസ്റ്റിക്കിന്റെ സാന്നിധ്യം കണ്ടെത്തിയത്. മൈക്രോ പ്ലാസ്റ്റിക്കിലൂടെ രൂപപ്പെടുന്ന മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിന് നഗരത്തിലെ മുഴുവന്‍ സ്ഥലങ്ങളിലെയും മാലിന്യങ്ങള്‍ മാസ് ക്യാമ്പയിലൂടെ ഒഴിവാക്കുന്നതിമുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. മാനന്തവാടി നഗരസഭ, ഹരിത കര്‍മ്മസേന, വിവിധ കോളേജ്- സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ സംയുക്തമായി കമ്പനി പുഴ ശുദ്ധീകരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടു.

മാനന്തവാടി ഗാന്ധി പാര്‍ക്കില്‍ നിന്നാരംഭിച്ച ക്യാമ്പെയിന്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ ജേക്കബ് സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. ക്യാമ്പയിനിന്റെ ഭാഗമായി റോബോട്ടുകളെത്തിച്ച് കബനി പുഴ ശുചീകരിക്കും. ഡെപ്യൂട്ടി ചെയര്‍പേഴ്സണ്‍ അഡ്വ സിന്ധു സെബാസ്റ്റ്യന്‍ അധ്യക്ഷയായ പരിപാടിയില്‍സ്ഥിരം സമിതി അധ്യക്ഷന്മാരായ പി.വി. ജോര്‍ജ്, ഷിബു കെ ജോര്‍ജ്, ഷിജ ഫ്രാന്‍സീസ്, പി.വി. എസ് മൂസ ,കൗണ്‍സിലര്‍ പി.ടി. ബിജു, വ്യാപാരി അസോസിയേഷന്‍ പ്രസിഡന്റ് കെ. ഉസ്മാന്‍, സെക്രട്ടറി പി.വി. മഹേഷ്, ഹരിത കര്‍മ്മ സേന പ്രവര്‍ത്തകര്‍, നഗരസഭ ശുചിത്വവിഭാഗം തൊഴിലാളികള്‍,എന്‍.എസ്.എസ്, എസ്.പി.സി, എന്‍.സി.സിവിദ്യാര്‍ത്ഥികള്‍ എന്നിവര്‍ പങ്കെടുത്തു.