കേരളം അഭിമുഖീകരിക്കുന്ന തീവ്ര കാലാവസ്ഥ വ്യതിയാനം അതിജീവിക്കാനും പൊരുത്തപ്പെടാനുമുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്നും വര്‍ഷംതോറും ദുരന്തനിവാരണ പദ്ധതികള്‍ പുതുക്കണമെന്നും കില പ്രൊഫ. എസ് ശ്രീകുമാര്‍. സംസ്ഥാന തദ്ദേശ ദിനാഘോഷത്തിന്റെ ഭാഗമായി ‘ദുരന്ത നിവാരണവും പ്രാദേശിക ഭരണകൂടങ്ങളും തയ്യാറെടുപ്പിലൂടെ പ്രതിരോധ ശേഷിയിലേക്ക്’ എന്ന വിഷയത്തെ അടിസ്ഥാനമാക്കി കണ്ണൂര്‍ ഗവ. എഞ്ചിനീയറിംഗ് കോളേജ് ഗ്രൗണ്ടിലെ ഹാപ്പിനസ്സ് ഫെസ്റ്റ് വേദിയില്‍ നടന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തദ്ദേശ സ്ഥാപനങ്ങളില്‍ പ്രദേശികമായി കൈകൊള്ളേണ്ട ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.

സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പ്രോജക്ട് ഓഫീസര്‍ ഡോ. മിഥില മല്ലിക മോഡറേറ്ററായി. ദുരന്തങ്ങള്‍ ഒരാമുഖം എന്ന വിഷയം ഡോ. മിഥില മല്ലിക അവതരിപ്പിച്ചു. ‘ദുരന്ത വേളയിലെ അടിയന്തര പ്രതികരണം’ എന്ന വിഷയത്തില്‍ ജില്ലാ ഫയര്‍ ഓഫീസര്‍ അരുണ്‍ ഭാസ്‌കര്‍ ക്ലാസെടുത്തു. ‘ദുരന്തനിവാരണ സംവിധാനം കേരളത്തില്‍’ എന്ന വിഷയം ജില്ലാ ദുരന്തനിവാരണ അതോറിറ്റി ഹസാര്‍ഡ് അനലിസ്റ്റ് എസ്. ഐശ്വര്യ അവതരിപ്പിച്ചു. ‘പ്രാദേശിക ഹീറ്റ് ആക്ഷന്‍ പ്ലാന്‍’ എന്ന വിഷയത്തെക്കുറിച്ച് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറ്റ്‌മോസ്ഫിയറിക് സയന്‍സ് ഹസാര്‍ഡ് അനലിസ്റ്റ് ഫഹദ് മര്‍സൂക്ക് സംസാരിച്ചു. ഏഷ്യന്‍ ഡിസാസ്റ്റര്‍ പ്രീപ്പേര്‍ഡ്‌നസ് സെന്റര്‍ സ്റ്റേറ്റ് കണ്‍സള്‍ട്ടന്റ് ഇ അനഘ ഉന്നതതല ദുരന്തനിവാരണ പദ്ധതികളെക്കുറിച്ച് വിശദീകരിച്ചു.

അതിദാരിദ്ര്യം 2.0, ദ്രവമാലിന്യ, സംസ്‌കരണം, പ്രാദേശിക സാമ്പത്തിക വികസനവും പ്രാദേശിക സര്‍ക്കാരുകളും തുടങ്ങിയ വിഷയങ്ങളെ അടിസ്ഥാനമാക്കി വരും ദിവസങ്ങളില്‍ സെമിനാറുകള്‍ നടക്കും