നിലമ്പൂര്‍ ജില്ലാ ആപത്രിയിലെ സ്ത്രീകളുടേയും കുട്ടികളുടെയും ബ്ലോക്ക് കായിക- ന്യൂനപക്ഷ ക്ഷേ- വഖഫ്- ഹജ്ജ് വകുപ്പു മന്ത്രി വി. അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്യ്തു. ആരോഗ്യ മേഖലയിൽ ഏറ്റവും കൂടുതൽ ശ്രദ്ധ കൊടുക്കേണ്ട വിഭാഗമാണ് സ്ത്രീ-ശിശു വിഭാഗമെന്ന് മന്ത്രി വി. അബ്ദുറഹിമാൻ ഉദ്ഘാടനപ്രസംഗത്തിൽ പറഞ്ഞു.
സംസ്ഥാനത്ത് ആരോഗ്യ മേഖലയെ ജനകീയവത്കരിക്കാൻ സർക്കാരിന് സാധിച്ചു. കേന്ദ്ര-സംസ്ഥാന വിഹിതങ്ങൾ കൃത്യമായി ഉപയോഗിച്ച് നിർമിത ബുദ്ധിയുടെ സഹായത്തോടെ അന്താരാഷ്ട്ര നിലവാരത്തിലുള്ള നൂതന സംവിധാനങ്ങൾ ആരോഗ്യ മേഖലയിൽ കൊണ്ട് വന്നിട്ടുണ്ട്. ഇന്ത്യയിൽ തന്നെ ആദ്യമായി അവയവമാറ്റ ശസ്ത്രക്രിയ ആശുപത്രി, സംസ്ഥാനത്തെ മരണ നിരക്കിലുള്ള കുറവ്, വിലകുറവിൽ നൽകുന്ന മരുന്നുകൾ, ആശുപത്രികൾക്ക് ലഭിക്കുന്ന അംഗീകാരങ്ങൾ, പുതുതായി നിർമിച്ച ആരോഗ്യ സ്ഥാപനങ്ങൾ എന്നിവ ആരോഗ്യമേഖലയിലെ സർക്കാരിന്റെ നേട്ടങ്ങൾ തന്നെയാണെന്ന് അദ്ദേഹം പറഞ്ഞു.
19 കോടി രൂപ ഉപയോഗിച്ചാണ് സ്ത്രീകളുടെയും കുട്ടികളുടെയും ബ്ലോക്കിന്റെ ആദ്യഘട്ടം നിർമ്മിച്ചിരിക്കുന്നത്. 46,000 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ നാല് നിലകളിലായി എല്ലാവിധ സൗകര്യങ്ങളോടും കൂടിയ ബ്ലോക്കാണ് തയ്യാറാക്കിയിട്ടുളളത്. ഗൈനക്കോളജി വിഭാഗം ഒ.പി, ശിശുരോഗ വിഭാഗം ഒ.പി, ഒബ്‌സെര്‍വേഷന്‍ റൂം, വെയ്റ്റിങ് ഏരിയ, പ്രതിരോധ കുത്തിവെയ്പ്പ് മുറി, അള്‍ട്രാസൗണ്ട് സ്‌കാന്‍ സംവിധാനം എന്നിവയാണ് പുതിയ കെട്ടിടത്തില്‍ സജ്ജമാക്കിയിട്ടുള്ളത്. എൻ.എച്ച്.എമ്മിന്റെ 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കെട്ടിടത്തിലേക്ക് ആവശ്യമായ ഉപകരണങ്ങള്‍ക്ക് 1.35 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. ദേശീയ ആരോഗ്യ ദൗത്യത്തിന്റെ 2014 -2015 പദ്ധതിയിൽ ഉൾപ്പെടുത്തി 10 കോടി രൂപ അനുവദിക്കുകയും 2016 ഒക്ടോബർ മാസം നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തിരുന്നു. തുടർന്ന് 2022-23 എൻ എച്ച് എം മുഖേന പുതിയ പദ്ധതിയായി 16.5 കോടി രൂപ അനുവദിച്ച് നിർമ്മാണ പ്രവർത്തികൾ തുടരുകയാണ് ചെയ്തത്. 2026 ഏപ്രിലിൽ 100 കിടക്കകളോട് കൂടിയ ആധുനിക ലേബർ റൂമും വാർഡുകളും ആശുപത്രിയിൽ സജ്ജമാകും. ആധുനിക സൗകര്യങ്ങൾ അടങ്ങിയ രണ്ട് മോഡുലാർ ഓപ്പറേഷൻ തിയേറ്ററുകളും, കുട്ടികളുടെ ഐ.സി.യു., എസ്.എൻ.സി.യു. എന്നിവ കൂടി ഈ കെട്ടിടത്തിൽ സജ്ജീകരിക്കുന്നതിനായി എൻ എച്ച് എം മുഖേനെ 2.5 കോടി രൂപയുടെയും ആരോഗ്യവകുപ്പ് പ്ലാൻ ഫണ്ട് മുഖേന മൂന്ന് കോടി രൂപയുടെയും പുതിയ പ്രൊപ്പോസൽ സർക്കാരിലേക്ക് സമർപ്പിച്ചിട്ടുണ്ട്.
ആര്യാടൻ ഷൗകത്ത് എം.എൽ.എ അധ്യക്ഷത വഹിച്ച പരിപാടിയിൽ ജില്ലാ കളക്ടർ വി.ആർ.വിനോദ് മുഖ്യപ്രഭാഷണം നടത്തി. മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജബ്ബാർ ഹാജി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ എ.പി. സ്മിജി, ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ പി.കെ. അസലു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ അമൃത, ബോബി സി. മാമ്പ്ര, ജസീറ, ജില്ലാ പഞ്ചായത്ത് മെമ്പർമാരായ അഡ്വ.ജോസ്മി തോമസ്, എൻ.എ കരീം, റൈഹാനത്ത് കുറുമാടൻ, മുസ്തഫ അബ്ദുൽ ലത്തീഫ്, വാർഡ് കൗൺസിലർ എം.കെ. വിജയനാരായണൻ, നിലമ്പൂർ ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോക്ടർ പി.ഷിനാസ് ബാബു, ജില്ലാ മെഡിക്കൽ ഓഫീസർ ടി.കെ. ജയന്തി, എൻ എച്ച് എം ജില്ലാ പ്രോഗ്രാം മാനേജർ ഡോ ടി. എൻ. അനൂപ്, ഡെപ്യൂട്ടി ഡി.എം.ഒ.ഡോ എ. ഷിബുലാൽ, ജില്ലാ ആർ.സി.എച്ച്. ഓഫീസർ ഡോ എൻ. എൻ. പമീലി, ആർദ്രം നോഡൽ ഓഫീസർ കെ. കെ. പ്രവീണ, മുൻ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മായിൽ മൂത്തേടം, വിവിധ രാഷ്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.
