പൊതു വിദ്യാലയങ്ങൾ മികച്ച പശ്ചാത്തല-ആധുനിക സൗകര്യങ്ങളോടെ സ്മാർട്ടായെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ. ബാലഗോപാൽ. അവണൂർ സർക്കാർ ജി.വി.എൽ.പി സ്കൂളിൽ പുതിയ ബഹുനില മന്ദിരത്തിന്റെ ശിലാസ്ഥാപന കർമ്മവും 96 മത് സ്കൂൾ വാർഷികാഘോഷവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പൊതുവിദ്യാലയങ്ങളുടെ ആധുനികവൽക്കരണം തുടരുകയാണ്. കഴിഞ്ഞവർഷം എസ്എസ്എൽസി ഹയർസെക്കൻഡറി പരീക്ഷകളിൽ സംസ്ഥാനത്ത് എറ്റവും ഉയർന്ന വിജയശതമാനം നേടിയ വിദ്യാഭ്യാസ ജില്ല കൊട്ടാരക്കരയാണ്. ആധുനിക സൗകര്യങ്ങളോടെയുള്ള വിദ്യാഭ്യാസം പൊതു പരീക്ഷകളിൽ വിജയശതമാനം വർധിക്കുന്നതിനു പ്രധാന പങ്ക് വഹിക്കുന്നുതായും മന്ത്രി പറഞ്ഞു. 1.30 കോടി രൂപ വിനിയോഗിച്ചാണ് 4300 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ബഹുനില സ്കൂൾ കെട്ടിടം നിർമ്മിക്കുന്നത്.

കൊട്ടാരക്കര നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്‌സൺ എ.ഷാജു അധ്യക്ഷനായി. കൊട്ടാരക്കര നഗരസഭ ചെയർപേഴ്‌സൺ അനിതഗോപകുമാർ, പ്രധാനാധ്യാപിക പി.സിന്ധു, പി.ടി.എ പ്രസിഡന്റ് ആർ.രതീഷ്, വാർഡ് കൗൺസിലർ എം.മുകേഷ്, കൊട്ടാരക്കര നഗരസഭ സ്ഥിരം സമിതി അധ്യക്ഷരായ സരോജ കാർത്തികേയൻ, എസ്. ആർ.രമേശ്, ഡി.രാമകൃഷ്‌ണപിള്ള, ആർ.രജിത, കൗൺസിലർമാരായ കെ.ജി.അലക്സ്, അഡ്വ. ആഫിയ അലാവുദ്ദീൻ, നെടുവത്തൂർ പഞ്ചായത്ത് അംഗം എം.സി.രമണി, സ്കൂൾ സംരക്ഷണ സമിതി അംഗം ബി.സുരേഷ് തുടങ്ങിയവർ പങ്കെടുത്തു.