വ്യവസായിക പരിശീലന രംഗത്തെ അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കുകയാണ് സ്റ്റാഫ് ക്വാട്ടേഴ്‌സ് നിര്‍മ്മാണത്തിലൂടെ സര്‍ക്കാര്‍ ലക്ഷ്യമാക്കുന്നതെന്ന് പൊതുവിദ്യാഭ്യാസ-തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി. കല്‍പ്പറ്റ ഗവ ഐ.ടി.ഐ കോളേജില്‍ നിര്‍മ്മിച്ച സ്റ്റാഫ് ക്വാട്ടേഴ്‌സ് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. വ്യവസായിക പരിശീലന രംഗത്ത് സംസ്ഥാനത്തെ മികച്ച ഐ.ടി.ഐയായി കല്‍പ്പറ്റ ഗവ ഐ.ടി.ഐ മാറിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കല്‍പ്പറ്റ ഗവ ഐ.ടി.ഐ വികസന മുന്നേറ്റം സൃഷ്ടിച്ച് വ്യവസായിക പരിശീലന രംഗത്ത് മികച്ച അംഗീകാരം നേടിയതായി എം.എല്‍.എ. ടി. സിദ്ദിഖ് പറഞ്ഞു. കല്‍പ്പറ്റ ഐ.ടി.ഐയില്‍ നടന്ന പരിപാടിയില്‍ അധ്യക്ഷതവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ഥാപനത്തിലെ ജീവനക്കാരില്‍ കൂടുതലും മറ്റു ജില്ലകളില്‍ നിന്നുള്ളവരാണ്. സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സ് നിര്‍മ്മാണം പൂര്‍ത്തീകരിച്ചതിലൂടെ അടിസ്ഥാന സൗകര്യ മേഖലയിലെ നേട്ടമാണെന്നും എം.എല്‍.എ പറഞ്ഞു. സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സ് കെട്ടിടത്തിന്റെ ശിലാഫലകം എം.എല്‍.എ അനാച്ഛാദനം ചെയ്തു.

2.20 കോടി വിനിയോഗിച്ച് 460 ചതുരശ്ര മീറ്ററില്‍ മൂന്ന് നിലകളിലായാണ് ക്വാര്‍ട്ടേഴ്‌സുകള്‍ നിര്‍മ്മിച്ചത്. സംസ്ഥാനത്തെ മികച്ച ഐ.ടി.ഐ അവാര്‍ഡ്, മികച്ച പ്രിന്‍സിപ്പാള്‍ അവാര്‍ഡ്, എന്‍.എസ്. എസ്യൂണിറ്റ് അവാര്‍ഡ്, അഖിലേന്ത്യ ട്രേഡ്‌ടെസ്റ്റില്‍ ദേശീയതലത്തില്‍ മൂന്ന് റാങ്കുകള്‍, മൂന്ന് ട്രെയിനികള്‍ക്ക് 600 /600 മാര്‍ക്ക് തുടങ്ങിയ അംഗീകാരങ്ങളും കോളേജ് കരസ്ഥമാക്കിയിട്ടുണ്ട്. കല്‍പ്പറ്റ നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ എം.സൗമ്യ, കൗണ്‍സിലര്‍ ആര്‍. രഞ്ജിത്ത്, ഐ.ടി.ഐ പ്രിന്‍സിപ്പാള്‍ എസ്.എന്‍ ശ്രീജ, പി.ടി.എ പ്രസിഡന്റ് ഇ. കെ സതീഷ് കുമാര്‍, സ്റ്റാഫ് കൗണ്‍സില്‍ സെക്രട്ടറി ഗിരീഷ് കോഴിക്കല്‍, പി.ഡബ്ല്യൂ.ഡി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് സി.എസ് അമൃത, പാലക്കാട് ട്രെയിനിങ് ഇന്‍സ്ട്രക്ടര്‍ എസ്. വികാസ്, ഐ.ടി.ഐ കോളേജ് ചെയര്‍മാന്‍ നിവേദ് സുരേന്ദ്രന്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.