ശാസ്ത്രീയമായി കൃഷി ചെയ്യുന്ന പ്രദേശമായ ചിറ്റൂര്‍ കേരളത്തിന് മാതൃകയെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി. ചിറ്റൂര്‍ ഗവ. കോളേജില്‍ ദ്വിദിന അന്താരാഷ്ട്ര സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ആധുനിക കൃഷിരീതിയായ പ്രിസിഷന്‍ ഫാമിങ് (Pricision faming) കേരളത്തില്‍ ആദ്യമായി നടപ്പാക്കിയത് ചിറ്റൂരാണ്. ഇത് കാര്‍ഷിക മേഖലയിലെ മുന്നേറ്റത്തിന്റെ തെളിവാണ്. ജില്ലയിലെ ഓരോ പ്രദേശത്തിനും വ്യത്യസ്തമായ കാലാവസ്ഥയും മണ്ണിന്റെ ഘടനയും ജലവുമാണുള്ളത്. ഇത് തിരിച്ചറിഞ്ഞുള്ള കൃഷിരീതികള്‍ അവലംബിക്കേണ്ടത് അനിവാര്യമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

പാലക്കാട് ചുരത്തിന്റെ ഭൂമിശാസ്ത്രപരമായ സവിശേഷതകളും പ്രകൃതിദത്തമായ പ്രത്യേകതകളും ചര്‍ച്ച ചെയ്യുന്ന ‘ദി എനിഗ്മാറ്റിക് പാലക്കാട് ഗ്യാപ്’ (The Enigmatic Palakkad Gap) എന്ന വിഷയത്തിലാണ് ദ്വിദിന സെമിനാര്‍ സംഘടിപ്പിക്കുന്നത്. സംസ്ഥാന കോളേജ് വിദ്യാഭ്യാസ വകുപ്പും കേരള സ്റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ സയന്‍സ്, ടെക്നോളജി ആന്‍ഡ് എന്‍വയോണ്‍മെന്റും സംയുക്തമായാണ് പരിപാടി നടത്തുന്നത്. കോളേജിലെ നാല് വേദികളിലായി പാലക്കാട് ചുരത്തിന്റെ ഭൂഗര്‍ഭശാസ്ത്രം, കാലാവസ്ഥാ വ്യതിയാനം, മണ്ണ്, കാര്‍ഷിക വൈവിധ്യം, ആയുര്‍വേദം, ടൂറിസം സാധ്യതകള്‍ തുടങ്ങിയ വിഷയങ്ങളാണ് സെമിനാറില്‍ ചര്‍ച്ചയാകുന്നത്.

ചിറ്റൂര്‍ ഗവ കോളേജ് ഹാളില്‍ നടന്ന ഉദ്ഘാടന പരിപാടിയില്‍ കോളേജ് പ്രിന്‍സിപ്പല്‍ ടി.റെജി അധ്യക്ഷനായി. കേരള സ്റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ സയന്‍സ് ടെക്നോളജി ആന്‍ഡ് എന്‍വിയോണ്മെന്റ് മെമ്പര്‍ സെക്രട്ടറി എ. സാബു മുഖ്യപ്രഭാഷണം നടത്തി. ചിറ്റൂര്‍ തത്തമംഗലം മുന്‍സിപ്പാലിറ്റി കൗണ്‍സിലര്‍ എം. രാധാകൃഷ്ണന്‍, ബോട്ടണി വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ കെ.എ സുരേഷ് കുമാര്‍, സുവോളജി വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ജെയിന്‍ തോമസ്, ഐ.ക്യൂ.എ.സി കോര്‍ഡിനേറ്റര്‍ സുഷ ചന്ദ്രന്‍, പിടിഎ സെക്രട്ടറി പി. സുരേഷ്, ഓഫീസ് പ്രതിനിധി മഞ്ജുഷ, കോളേജ് യൂണിയന്‍ ചെയര്‍പേഴ്സണ്‍ നയന എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.

സെമിനാറിന്റെ രണ്ടാം ദിവസമായ 19ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. ചിറ്റൂര്‍ ഗവ കോളേജ് പ്രിന്‍സിപ്പല്‍ ടി. റെജി അധ്യക്ഷനാകും. സംസ്ഥാന പ്ലാനിങ് ബോര്‍ഡ് അംഗവും കേരള അഗ്രികള്‍ച്ചറല്‍ യൂണിവേഴ്സിറ്റി ഡയറക്ടര്‍ എക്സ്റ്റന്‍ഷനുമായ ജിജു പി. അലക്സ് മുഖ്യപ്രഭാഷണം നിര്‍വഹിക്കും. ദ്വിദിന സെമിനാറിന്റെ സമാപനം സമ്മേളനം വൈകീട്ട് നാലിന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്യും. നെന്മാറ എം.എല്‍.എ കെ. ബാബു, പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി.എം. ശശി എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും.