പാലക്കാട് ജില്ലയുടെ വികസന സ്വപ്നങ്ങള്‍ക്ക് കരുത്തുപകരാന്‍ ആധുനിക സൗകര്യങ്ങളോടെ നിര്‍മ്മിച്ച ജില്ലാ ആസൂത്രണസമിതി സെക്രട്ടേറിയറ്റ് മന്ദിരം നാടിന് സമര്‍പ്പിക്കാനൊരുങ്ങുന്നു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെയും പ്രാദേശിക ഭരണകൂടത്തിന്റെയും സംയുക്ത പങ്കാളിത്തത്തോടെ 7.31 കോടി രൂപ ചെലവഴിച്ചാണ് ഈ ബഹുനില മന്ദിരം യാഥാര്‍ത്ഥ്യമാക്കിയത്. ജില്ലാ പഞ്ചായത്തിന് സമീപമുള്ള 30 സെന്റ് സ്ഥലത്ത് 1753.4 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണത്തില്‍ മൂന്ന് നിലകളിലായാണ് കെട്ടിടം തലയുയര്‍ത്തി നില്‍ക്കുന്നത്.

ജില്ലാ പ്ലാനിങ് ഓഫീസ്, സാമ്പത്തിക സ്ഥിതി വിവരകണക്ക് വകുപ്പ്, ജില്ലാ ടൗണ്‍ പ്ലാനിങ് ഓഫീസ് എന്നിങ്ങനെ നിര്‍ണ്ണായകമായ മൂന്ന് പ്രധാന ഓഫീസുകള്‍ ഇനി ഒരേ മേല്‍ക്കൂരയ്ക്ക് കീഴിലാകും പ്രവര്‍ത്തിക്കുക. ജീവനക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും ഒരുപോലെ പ്രയോജനപ്പെടുന്ന രീതിയില്‍ ലിഫ്റ്റ്, വിശാലമായ കോണ്‍ഫറന്‍സ് ഹാള്‍, ലൈബ്രറി, വാഹന പാര്‍ക്കിങ് സൗകര്യം എന്നിവയും എല്ലാ നിലകളിലും ശുചിമുറികളും കുടിവെള്ള ലഭ്യതയും ഇവിടെ ഉറപ്പാക്കിയിട്ടുണ്ട്. കെട്ടിടത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായതായും ഉദ്ഘാടനം ഉടന്‍ നടക്കുമെന്നും അധികൃതര്‍ അറിയിച്ചു.