കൊച്ചിന്‍ ഷിപ്പ്യാര്‍ഡിന്റെ സി.എസ്.ആര്‍ ഫണ്ടിലുള്‍പ്പെടുത്തി ജില്ലയിലെ അരിവാള്‍ കോശ രോഗികള്‍ക്ക് പോഷകാഹാര കിറ്റുകള്‍ വിതരണം ചെയ്തു. മാനന്തവാടി കേരള ലളിതകലാ അക്കാദമി ആര്‍ട്ട് ഗാലറിയില്‍ നടന്ന പരിപാടി പട്ടികജാതി-പട്ടികവര്‍ഗ്ഗ- പിന്നാക്കക്ഷേമ മന്ത്രി ഒ.ആര്‍. കേളു നിര്‍വഹിച്ചു.

500 ഗ്രാം വീതം ചെറുപയര്‍, വന്‍പയര്‍, മുതിര, കടല, 100 ഗ്രാം വീതം ബദാം, നെയ്യ് എന്നിവയാണ് കിറ്റിലുള്ളത്. സിക്കിള്‍സില്‍ പേഷ്യന്റ്‌സ് അസോസിയേഷന്‍ സെക്രട്ടറി സി.ഡി സരസ്വതി മന്ത്രിയില്‍ നിന്നും ആദ്യ കിറ്റ് ഏറ്റുവാങ്ങി. അരിവാള്‍ കോശ രോഗികളുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ ലക്ഷ്യമാക്കിയാണ് കൊച്ചിന്‍ ഷിപ് യാര്‍ഡ് സി.എസ്.ആര്‍ ഫണ്ടില്‍ നിന്ന് ഒരു കോടി രൂപ അനുവദിച്ചത്. അരിവാള്‍ കോശ രോഗനിര്‍ണയത്തിന് ആധുനികവും കൃത്യവുമായ എച്ച്.പി.എല്‍.സി പരിശോധനാ സംവിധാനം വയനാട് മെഡിക്കല്‍ കോളേജില്‍ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ സിക്കിള്‍ സെല്‍ ഓപ്പറേഷന്‍ യൂണിറ്റില്‍ ലഭ്യമാണ്.

അസ്ഥിരോഗ വിഭാഗത്തിന്റെ നേതൃത്വത്തില്‍ ഇടുപ്പ് മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ, അരിവാള്‍ കോശ രോഗികള്‍ക്ക് പ്രത്യേക ചികിത്സാ യൂണിറ്റ് എന്നിവ മെഡിക്കല്‍ കോളേജില്‍ സജ്ജമാണ്. കല്‍പ്പറ്റ ഗവ ജനറല്‍ ആശുപത്രി, വൈത്തിരി, സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രികളിലും വിവിധ കുടുംബാരോഗ്യ -പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും അരിവാള്‍ കോശ രോഗികള്‍ക്കുള്ള ഹൈഡ്രോക്സി യൂറിയ, ഫോളിക് ആസിഡ് മരുന്നുകള്‍ സൗജന്യമായി വിതരണം ചെയ്യുന്നുണ്ട്. മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ബ്ലഡ് എക്സ്ചേഞ്ച് ട്രാന്‍സ്ഫ്യൂഷന്‍ സൗകര്യവും ഒരുക്കിയിട്ടുണ്ട്.

രോഗികള്‍ക്ക് പ്രത്യേക പരിഗണന ഉറപ്പാക്കാന്‍ സിക്കിള്‍ സെല്‍ സ്റ്റാറ്റസ് ഐഡി കാര്‍ഡുകള്‍ ജില്ലയില്‍ വിതരണം ചെയ്തു. ജില്ലാ ആര്‍.സി.എച്ച് ഓഫീസര്‍ ഡോ. ജെറിന്‍ എസ് ജെറോഡ് അധ്യക്ഷനായ പരിപാടിയില്‍ ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. സമീഹ സൈതലവി, മെഡിക്കല്‍ കോളേജ് ഫോറന്‍സിക് വിഭാഗം ജൂനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. മൃദുലാല്‍, സിക്കിള്‍സെല്‍ പേഷ്യന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് അനീഷ് എന്നിവര്‍ സംസാരിച്ചു.