*നോർക്ക റൂട്ട്‌സും കെയർ ഗേറ്റ്‌സും കരാർ കൈമാറി
*ഹെൽത്ത് കെയർ/സ്‌കിൽഡ് പ്രൊഫഷണലുകൾക്കും ഡ്രൈവർമാർക്കും അവസരം

ജർമനിയിലേക്കും ജർമൻ ഭാഷ സംസാരിക്കുന്ന മറ്റ് രാജ്യങ്ങളിലേക്കും ആരോഗ്യ മേഖലയിലേയും ഇതര മേഖലകളിലേയും നൈപുണ്യ മികവുളള പ്രൊഫഷണലുകളെ റിക്രൂട്ട് ചെയ്യുന്നതിനായി സംസ്ഥാന സർക്കാർ സ്ഥാപനമായ നോർക്ക റൂട്ട്‌സും യൂറോപ്പിലെ പ്രമുഖ സ്വകാര്യ റിക്രൂട്ട്മെന്റ് പ്ലാറ്റ്‌ഫോമായ കെയർ ഗേറ്റ്‌സുമായി  കരാർ  ഒപ്പുവച്ചു. നോർക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അജിത് കോളശ്ശേരിയും കെയർ ഗേറ്റ്‌സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഫിറുസ് മെറ്റ്‌ലറുമാണ് (Firus Mettler) കരാർ കൈമാറിയത്. ഇതുവഴി നഴ്‌സുമാർ, ആരോഗ്യ മേഖലയിലെ മറ്റ് പ്രൊഫഷണലുകൾ, ആരോഗ്യ ഇതര മേഖലകളിലെ പ്രൊഫഷണലുകൾ, ടെക്‌നീഷ്യൻസ്, ബസ് ഡ്രൈവേഴ്‌സ് തുടങ്ങിയവർക്കാണ് റിക്രൂട്ട്‌മെന്റ് സാധ്യത.

തിരഞ്ഞെടുക്കപ്പെടുന്നവർക്ക്  B2 ലെവൽ വരെ സൗജന്യ ജർമ്മൻ ഭാഷാ പരിശീലനം, സൗജന്യ ഹോസ്റ്റൽ സൗകര്യം  ജർമ്മനിയിലെത്തിയ ശേഷമുളള പിന്തുണ എന്നിവയെല്ലാം പദ്ധതിവഴി ലഭിക്കും. ഇതിനോടകം ജർമ്മൻ ഭാഷയിൽ ബി 2 യോഗ്യത നേടിയ നേഴ്‌സ്മാർക്ക് ഫാസ്റ്റ് ട്രാക്ക് പ്രോഗ്രാമിലൂടെ നിയമനം വേഗത്തിലാക്കുവാൻ സഹായിക്കും. റിക്രൂട്ട്‌മെന്റ് നടപടികൾ ഉദ്യോഗാർത്ഥികൾക്ക് പൂർണ്ണമായും സൗജന്യമായിരിക്കും. തിരുവനന്തപുരം തൈക്കാട് നോർക്ക സെന്ററിൽ നടന്ന ചടങ്ങിൽ നോർക്ക റൂട്ട്‌സ്  റിക്രൂട്ട്‌മെന്റ് വിഭാഗം മാനേജർ പ്രകാശ് പി ജോസഫ്, കെയർ ഗേറ്റ്‌സ് ഇന്ത്യ ചീഫ് ഓപ്പറേറ്റിംഗ് ഓഫിസർ അജിത് പി . എം,  നോർക്ക റൂട്ട്‌സ്  റിക്രൂട്ട്‌മെന്റ് വിഭാഗം ജീവനക്കാർ തുടങ്ങിയവർ സംബന്ധിച്ചു.