ഒരു വര്‍ഷം മുന്‍പ് വിധി തകര്‍ത്തതാണ് ഉടുമ്പന്‍ചോല താലൂക്കിലെ നെടുങ്കണ്ടം വില്ലേജില്‍ അണക്കരയില്‍ വിനു നിവാസില്‍ പൊന്നമ്മ എന്ന വീട്ടമ്മയുടെ ജീവിതം. അപകട രൂപത്തില്‍ എത്തിയ വിധി മകനെ തട്ടിയെടുത്തു. പൊന്നമ്മയുടെ കാലിന്റെ ചലനശേഷിയും. വാക്കറില്‍ ജീവിതം തള്ളിനീക്കുന്ന പൊന്നമ്മയ്ക്കിന്ന് പുഞ്ചിരിക്കാം. 2017 മുതല്‍ 50 സെന്റുള്ള കൃഷിഭൂമിയുടെ പട്ടയത്തിനായി പലയിടത്തായി അലഞ്ഞെങ്കിലും ലഭ്യമാകാത്ത പട്ടയം ഇന്ന് ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ കൈയ്യില്‍ നിന്നും ഏറ്റുവാങ്ങിയതിന്റെ സന്തോഷത്തിലാണ് പൊന്നമ്മ.

എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട് എന്ന സര്‍ക്കാരിന്റെ മുഖമുദ്രയില്‍ തുടച്ചുനീക്കപ്പെട്ടത് പൊന്നമ്മയുടെയും കണ്ണീരാണ്. ഭര്‍ത്താവായ പരമശിവനും വണ്ടന്‍മേടുള്ള കൃഷിഭൂമിയുടെ പട്ടയം ഉടന്‍ ലഭ്യമാകും. ജീവിതം ഇരുളടഞ്ഞപ്പോള്‍ മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം പോലെ സ്വന്തമായ ഭൂമിയുടെ പട്ടയം നെഞ്ചോട് ചേര്‍ക്കുകയാണ് പൊന്നമ്മ. ഏറെ നാളായി ലഭിക്കാതിരുന്ന പട്ടയം ലഭിച്ചതിലെ സന്തോഷവും സര്‍ക്കാരിനോടുള്ള നന്ദിയും പൊന്നമ്മയെന്ന വീട്ടമ്മയുടെ കണ്ണില്‍ തെളിയുന്നു.