ജില്ലയില്‍ ദേശീയപാത 544 കടന്നു പോകുന്ന പ്രദേശങ്ങളിലെ അപകട സാധ്യതാ മേഖലകളില്‍ (ബ്ലാക്ക് സ്പോട്ടുകളില്‍) മോട്ടോര്‍ വാഹനവകുപ്പ്, പൊലീസ് അധികൃതരുടെ നേതൃത്വത്തില്‍ സംയുക്ത പരിശോധന നടത്താന്‍ ജില്ലാ കളക്ടറുടെ നിര്‍ദ്ദേശം. ദേശീയപാതയിലെ അപകടമേഖലകൾ കണ്ടെത്തി പരിഹരിക്കുന്നതിനായി ചേര്‍ന്ന ജില്ലാ റോഡ് സുരക്ഷാ കൗൺസിൽ യോഗത്തിലാണ് ജില്ലാ കളക്ടർ എം.എസ്. മാധവിക്കുട്ടി ഇത് സംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയത്. പരിശോധനയുടെ ആദ്യഘട്ടമായി മാര്‍ച്ച് പത്തിന് ചന്ദ്രനഗര്‍ ജംങ്ഷനില്‍ സംയുക്ത പരിശോധന സംഘടിപ്പിക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ അറിയിച്ചു. ജില്ലയിലൂടെ കടന്നുപോകുന്ന ദേശീയപാത 544-ലെ വാളയാർ മുതൽ പന്നിയങ്കര വരെയുള്ള ഭാഗത്ത് 10 അപകടസാധ്യതാ മേഖലകളാണ് കണ്ടെത്തിയിട്ടുള്ളത്. ഈ മേഖലകളിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള പ്രൊജക്ടിന്റെ പുരോഗതി യോഗം അവലോകനം ചെയ്തു.

ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍മാരായ സി.യു മുജീബ്, കെ.ബി രഘു (എന്‍ഫോഴ്‌സ്‌മെന്റ്), ഡി.വൈ.എസ്.പി ജോണ്‍സണ്‍, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.