ഉത്സവങ്ങള്‍ക്കും നേര്‍ച്ചകള്‍ക്കും ആനകളെ ഉപയോഗിക്കുമ്പോള്‍ പൊതുജന സുരക്ഷക്ക് മുന്‍ഗണന നല്‍കി എണ്ണം ക്രമീകരിക്കാന്‍ ശ്രമിക്കണമെന്ന് ജില്ലാ കളക്ടര്‍ എം.എസ് മാധവിക്കുട്ടി നിര്‍ദ്ദേശിച്ചു. ഉത്സവങ്ങള്‍ക്കും നേര്‍ച്ചകള്‍ക്കും ആന എഴുന്നള്ളിപ്പിന്റെ സുരക്ഷിതവും സുഗമവുമായ നടത്തിപ്പിന് ഉത്സവ കമ്മിറ്റി ഭാരവാഹികളുമായുള്ള യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു ജില്ലാ കളക്ടര്‍.

ആനയുടെ സമീപത്തേക്ക് ആളുകള്‍ വരുന്നത് തടയാന്‍ പൊലീസ് സംവിധാനം വേണമെന്നും നിയമങ്ങള്‍ പാലിക്കപ്പെടണമെന്നും കമ്മിറ്റി അംഗങ്ങള്‍ അഭിപ്രായപ്പെട്ടു. ആനകള്‍ നില്‍ക്കുന്നിടത്ത് ശരിയായ രീതിയില്‍ ബാരിക്കേഡ് സ്ഥാപിക്കണം. ദേശങ്ങള്‍ തമ്മിലുള്ള മത്സരം ആനകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതില്‍ ആവരുത്. ആനകള്‍ വന്യജീവിയാണെന്ന ബോധ്യത്തോടെ ഉചിതമായ തീരുമാനം കമ്മിറ്റികള്‍ സ്വീകരിക്കുന്നത് മാതൃകാപരമാകും. രജിസ്റ്റര്‍ ചെയ്തിട്ടുള്ള എണ്ണം ആനകള്‍ക്ക് മാത്രമേ അനുമതി നല്‍കൂ. കമ്മിറ്റികള്‍ക്ക് നല്‍കിയിട്ടുള്ള അനുമതി ഉത്തരവിലെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് ജനങ്ങള്‍ക്ക് ദോഷം വരാത്ത രീതിയില്‍

ഉത്സവങ്ങളും നേര്‍ച്ചകളും നടത്തണമെന്നും ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചു.
കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ സാമൂഹ്യ വനവല്‍കരണ വിഭാഗം അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് സുമു സ്‌കറിയ, അഗളി-മണ്ണാര്‍ക്കാട്- പാലക്കാട് സോഷ്യല്‍ ഫോറസ്ട്രി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍മാരായ വി. വിവേക്, കെ.പി ജിനേഷ്, കെ.ഇ സിബി, മറ്റ് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍, ക്ഷേത്രം-പള്ളി ഉത്സവ കമ്മിറ്റി ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു.

നിബന്ധനകള്‍

ഉത്സവ ആഘോഷ കമ്മിറ്റികള്‍ എഴുന്നള്ളിപ്പ് സംബന്ധിച്ച വിവരം എഴുന്നള്ളിപ്പിന് 72 മണിക്കൂര്‍ മുമ്പ് വനം വകുപ്പിനെയും, ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനേയും അറിയിക്കേണ്ടതാണ്.

അഞ്ചോ അതില്‍ കൂടുതലോ ആനകള്‍ പങ്കെടുക്കുന്ന ഉത്സവങ്ങളില്‍ വെറ്ററിനറി ഡോക്ടറുടെയും, എലിഫന്റ് സ്‌ക്വാഡിന്റേയും സേവനം ഉത്സവ കമ്മിറ്റിക്കാര്‍ വളരെ മുന്‍പ് തന്നെ ഏര്‍പ്പാടാക്കേണ്ടതും വിവരം മൃഗ സംരക്ഷണ വകുപ്പിനെ അറിയിക്കേണ്ടതുമാണ്. കൂടാതെ ഉത്സവം പൂര്‍ണ്ണമായും ഉങഇ നിശ്ചയിച്ച നിരക്കില്‍ ഇന്‍ഷൂര്‍ ചെയ്യേണ്ടതുമാണ്.

എഴുന്നള്ളിപ്പിന് ഉപയോഗിക്കുന്ന ആനയ്ക്ക് നാട്ടാന പരിപാലന നിയമത്തില്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ള സംരക്ഷണവും, പരിപാലനവും ലഭിക്കുന്നുണ്ടെന്ന് ഉത്സവ/ക്ഷേത്ര കമ്മിറ്റി ഉറപ്പു വരുത്തേണ്ടതാണ്.

വെയില്‍ ഉള്ള സമയത്ത് ആനകള്‍ക്ക് ചൂട് ഏല്‍ക്കാതിരിക്കുവാന്‍ നനച്ച തറയില്‍ (ചാക്കില്‍) നിറുത്തുകയും ആവശ്യമെങ്കില്‍ വെയില്‍ ഏല്‍ക്കാതിരിക്കാന്‍ പന്തല്‍ പോലുള്ള സംവിധാനം കമ്മിറ്റി ഒരുക്കുകയും ചെയ്യേണ്ടതാണ്.

ആനപ്പുറത്ത് കുട്ടികളെ കയറ്റരുത്

തിടമ്പ്, ആലവട്ടം, വെഞ്ചാമരം മുതലായവ പിടിക്കുന്നതിനായി ആനപ്പുറത്തു കയറുന്നവര്‍ മദ്യം, മറ്റു ലഹരി വസ്തുക്കള്‍ എന്നിവ ഉപയോഗിക്കുന്നില്ലെന്ന് കമ്മിറ്റിക്കാര്‍ ഉറപ്പുവരുത്തേണ്ടതാണ്

എഴുന്നള്ളത്ത് സമയത്ത് ആനകള്‍ തമ്മില്‍ മതിയായ അകലം പാലിക്കേണ്ടതാണ്

ആനയുടെ മുന്നില്‍ പടക്കം പൊട്ടിക്കുവാനോ, എല്‍.ഇ.ഡി ലൈറ്റ് പ്രകാശിപ്പിക്കുവാനോ പാടുള്ളതല്ല

തെച്ചിക്കോട്ട് രാമചന്ദ്രന്‍ എന്ന നാട്ടാനയെ എഴുന്നള്ളിക്കുന്നുണ്ടെങ്കില്‍ ആയതിന് ജില്ലാ മോണിറ്ററിങ് കമ്മിറ്റിയുടെ മുന്‍കൂര്‍ അനുമതി വാങ്ങിക്കേണ്ടതാണ്.

ആനകളെ തലപ്പൊക്ക മത്സരം നടത്തുവാന്‍ പാടില്ല. തലപ്പൊക്ക മത്സരം നടത്തുന്ന കമ്മിറ്റിക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം.

ആനകള്‍ക്ക് സ്വീകരണ പരിപാടികള്‍ സംഘടിപ്പിക്കരുത്.

ഡി ലൈറ്റുകള്‍, പെപ്പര്‍ സ്‌പ്രേ, നാസിക് ഡോള്‍ എന്നിവ ആനകളുടെ അടുത്തു നിന്ന് 200 മീറ്റര്‍ അകലെ മാത്രമേ പ്രവര്‍ത്തിപ്പിക്കാവൂ.

അഞ്ചില്‍ കൂടുതല്‍ ആനകളെ എഴുന്നള്ളിക്കുന്ന ഉത്സവങ്ങള്‍ക്ക് പൊലീസിനും വനം വകുപ്പിനും എയ്ഡ് പോസ്റ്റ് സജ്ജീകരിക്കണം.

എഴുന്നള്ളിക്കുന്ന ആനകളെ സംബന്ധിച്ച രേഖകള്‍ ഉത്സവ കമ്മിറ്റിക്കാര്‍ എയ്ഡ് പോസ്റ്റില്‍ കൊണ്ടുപോയി വനം വകുപ്പ് ജീവനക്കാരെ എല്‍പ്പിക്കണം.

മദപ്പാടുള്ള ആനകളെ ഉടന്‍തന്നെ ഉത്സവ സ്ഥലത്തു നിന്നും മാറ്റുവാന്‍ ആന ഉടമസ്ഥനും, തൊഴിലാളികളും ശ്രദ്ധിക്കണം.