പ്രധാനമന്ത്രി ജന്‍ ജാതി ആദിവാസി ന്യായ മഹാ അഭിയാന്‍ (പി.എം- ജന്മന്‍) പദ്ധതിയുടെ ഭാഗമായി പട്ടികവര്‍ഗ്ഗ ഗുണഭോക്താക്കള്‍ക്കുള്ള ഭവനനിര്‍മ്മാണ ധനസഹായ വിതരണവും കുടിവെള്ള ടാങ്ക് സ്ഥാപിക്കലും നടന്നു. പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി.എം. ശശി നിര്‍വഹിച്ചു. നെന്മാറ ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ 2024-25 വര്‍ഷത്തെ പദ്ധതി പ്രകാരമാണ് ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുന്നത്.

നെല്ലിയാമ്പതി ഗ്രാമപഞ്ചായത്തിലെ ചെറുനെല്ലി ഊരിലെ 11 ഗുണഭോക്താക്കള്‍ക്കും അയിലൂര്‍ ഗ്രാമപഞ്ചായത്തിലെ എട്ട് പേര്‍ക്കും ഉള്‍പ്പെടെ ആകെ 19 ഗുണഭോക്താക്കള്‍ക്കാണ് ഭവനനിര്‍മ്മാണത്തിനുള്ള ആദ്യഗഡു കൈമാറിയത്. ആദ്യഗഡു വിതരണത്തിന്റെ ഉദ്ഘാടനം ജില്ലാ ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രൊജക്ട് ഡയറക്ടര്‍ ടി. ശുഭ നിര്‍വഹിച്ചു. പദ്ധതിയുടെ ഭാഗമായി പ്രദേശത്ത് കുടിവെള്ള ടാങ്കും സ്ഥാപിച്ചു.

അയിലൂര്‍ കല്‍ച്ചാടി ഉന്നതിയില്‍ നടന്ന പരിപാടിയില്‍ പരിപാടിയില്‍ നെന്മാറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുധാ രവീന്ദ്രന്‍ അധ്യക്ഷയായി. ജില്ലാ ട്രൈബല്‍ ഓഫീസര്‍ ഷമീന പദ്ധതി വിശദീകരിച്ചു. വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുഗന്ധി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വേലിക്കുട്ടി, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ. ദിനേശ്, മെമ്പര്‍മാരായ കെ. നിഷ, നിഷ ഹൈദരാലി, വിഗ്‌നേഷ്, എസ്. വിനോദ്, എമിലി ബിജു തുടങ്ങിയവര്‍ സംസാരിച്ചു. ഗുണഭോക്താക്കള്‍, ഉദ്യോഗസ്ഥര്‍, പട്ടികവര്‍ഗ്ഗ പ്രമോട്ടര്‍മാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.