സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ രംഗം അന്തർദേശീയ നിലവാരത്തിലേക്ക് ഉയരുകയാണെന്നും ഗുണമേന്മയുള്ള പഠനാന്തരീക്ഷവും മികച്ച അടിസ്ഥാന സൗകര്യങ്ങളും ഉറപ്പാക്കാൻ സർക്കാരിന് സാധിച്ചതായും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു. പട്ടാമ്പി ശ്രീ നീലകണ്ഠ ഗവൺമെന്റ് സംസ്‌കൃത കോളേജിൽ പുതുതായി നിർമ്മിക്കുന്ന സ്റ്റാഫ് ക്വാർട്ടേഴ്സ് കെട്ടിടങ്ങളുടെയും ശുചിമുറി ബ്ലോക്കുകളുടെയും ശിലാസ്ഥാപനം ഓൺലൈനായി നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. വിവിധ വികസന പദ്ധതികൾ കൃത്യസമയത്ത് തന്നെ പൂർത്തിയാക്കാനുള്ള നടപടികളാണ് സർക്കാർ സ്വീകരിച്ചുവരുന്നത്. കേരളത്തെ ഒരു ആഗോള വിജ്ഞാന ഹബ്ബാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് ഉന്നത വിദ്യാഭ്യാസ മേഖലയിൽ പരിഷ്കാരങ്ങൾ നടപ്പിലാക്കുന്നത്.

സംസ്ഥാനത്തിന്റെ ചരിത്രത്തിലാദ്യമായി ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് സമഗ്രമായ ഒരു കരിക്കുലം ഫ്രെയിം വർക്കിന് രൂപം നൽകാൻ സാധിച്ചു എന്നത് വലിയ നേട്ടമാണ്. സർവ്വകലാശാലകളുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമവും ക്രമബദ്ധവുമാക്കാൻ ഈ കാലയളവിൽ കഴിഞ്ഞിട്ടുണ്ട്. പഠനം പൂർത്തിയാക്കി പുറത്തിറങ്ങുന്ന ഉദ്യോഗാർത്ഥികളുടെ തൊഴിലില്ലായ്മ പരിഹരിക്കുന്നതിന് പ്രാധാന്യം നൽകിയാണ് പുതിയ കരിക്കുലം തയ്യാറാക്കിയിരിക്കുന്നത്. നൂതനമായ അറിവുകളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ വിദ്യാർത്ഥികൾക്ക് കൂടുതൽ തൊഴിൽ അവസരങ്ങൾ കണ്ടെത്താൻ ഇതിലൂടെ സാധിക്കും.
അസാപ് വഴി നിലവിൽ 150-ലധികം വൈവിധ്യമാർന്ന കോഴ്സുകളാണ് വിദ്യാർഥികൾക്കായി ഒരുക്കിയിരിക്കുന്നത്. ഇത് അവരുടെ നൈപുണ്യ വികസനത്തിന് വലിയ സഹായമാകും. വിദ്യാഭ്യാസ സ്ഥാപനങ്ങളും വ്യവസായ മേഖലയും തമ്മിലുള്ള സഹകരണം ഉറപ്പാക്കുന്ന ക്യാംപസ് ഇൻഡസ്ട്രിയൽ പാർക്ക് എന്ന ആശയം വിജയകരമായി മുന്നോട്ട് കൊണ്ടുപോകാൻ സാധിച്ചതായും മന്ത്രി ചടങ്ങിൽ വ്യക്തമാക്കി. മികച്ച അക്കാദമിക് നിലവാരവും ഭൗതിക സാഹചര്യങ്ങളും ഒരുക്കി ഉന്നത വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങളാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.

പരിപാടിയില്‍ മുഹമ്മദ് മുഹ്‌സിന്‍ എം.എല്‍.എ അധ്യക്ഷനായി. കോളേജ് പ്രിന്‍സിപ്പല്‍ ഡോ.എം.ആര്‍ രശ്മി, പി.ടി.എ വൈസ് പ്രസിഡന്റ് വി.ടി.ശോഭന തുടങ്ങിയവര്‍ പങ്കെടുത്തു.