നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാധ്യമ നിരീക്ഷണത്തിനും രാഷ്ട്രീയ പരസ്യങ്ങള്‍ക്ക് അനുമതി നല്കുന്നതിനുമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ മുകള്‍ നിലയില്‍ പ്രവര്‍ത്തനമാരംഭിച്ച മീഡിയ സര്ട്ടിഫിക്കേഷന് ആന്റ് മോണിറ്ററിംഗ് കമ്മിറ്റി സെല്ലില്‍ തെരഞ്ഞെടുപ്പ് നിരീക്ഷകര്‍ സന്ദര്‍ശനം നടത്തി. പൊതു നിരീക്ഷകരായ ദീപ്തി ഉപ്പല്‍, ഹര്‍ഷദ്കുമാര്‍ ആര്. പട്ടേല്‍, ചെലവ് നിരീക്ഷകരായ നമിത പട്ടേല്‍, ആഷിഷ് കുമാര്‍ എന്നിവരാണ് സെല്‍ സന്ദര്‍ശിച്ചത്. ജില്ലാ കളക്ടര്‍ ഡോ. ദിനേശന് ചെറുവാട്ട്, സബ് കളക്ടര്‍ അനൂപ് ഗാര്‍ഗ്, ഇലക്ഷന് ഡെപ്യൂട്ടി കളക്ടര്‍ ഷീബ മാത്യു എന്നിവരും നിരീക്ഷകര്ക്കൊപ്പമുണ്ടായിരുന്നു. മാധ്യമ നിരീക്ഷണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നിരീക്ഷകര്‍ വിലയിരുത്തി. തെരഞ്ഞെടുപ്പ് വിഭാഗത്തിലെ സ്ട്രോംഗ് റൂമും സംഘം സന്ദര്‍ശിച്ചു.
രാഷ്ട്രീയ പരസ്യങ്ങള്‍ പരിശോധിച്ച് അംഗീകാരം നല്‍കുന്നതിനും തെരഞ്ഞെടുപ്പ് കമ്മീഷന് മാധ്യമങ്ങള്‍ക്കായി പുറപ്പെടുവിച്ചിട്ടുള്ള നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായുമാണ് ജില്ലാ കളക്ടര്‍ ചെയര്‍മാനായിട്ടുള്ള എം.സി.എം.സി. സമിതി പ്രവര്‍ത്തിക്കുന്നത്. രണ്ട് ഷിഫ്റ്റുകളിലായി ഉദ്യോഗസ്ഥരും ജേണലിസം വിദ്യാര്‍ഥികളുമടങ്ങുന്ന സംഘം മാധ്യമങ്ങളിലെ ഉള്ളടക്കങ്ങള്‍ നിരീക്ഷിക്കുന്നു.
പത്രങ്ങള്‍, ടെലിവിഷന്‍, ചാനലുകള്‍, പ്രാദേശിക കേബിള്‍ ചാനലുകള്‍, റേഡിയോ, സാമൂഹ്യമാധ്യമങ്ങള്‍, എസ്.എം.എസ്/ വോയിസ് മെസേജസ്, തീയറ്ററുകള്‍ ഉള്‍പ്പെടെയുള്ള മറ്റ് ദൃശ്യശ്രാവ്യ മാധ്യമസങ്കേതങ്ങള്‍, പൊതുസ്ഥലങ്ങളിലെ വീഡിയോ ഓഡിയോ പ്രദര്‍ശനം, ദിനപ്പത്രങ്ങളുടെ ഇ പേപ്പറുകള്‍, സാമൂഹികമാധ്യങ്ങള്‍, വെബ്സൈറ്റുകള്‍ തുടങ്ങിയവയിലെ പരസ്യങ്ങള്‍ക്കെല്ലാം മുന്‍കൂര്‍ അനുമതി തേടിയിരിക്കണം.
