അടിസ്ഥാനപരമായി അവകാശങ്ങളെ സംബന്ധിച്ച നിയമസാക്ഷരത അനിവാര്യമാ മാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണ്ണാദേവി. സംസ്ഥാന സാക്ഷരതാ മിഷന്റെ കീഴില്‍ നടത്തുന്ന ഭരണഘടനാ സാക്ഷരതാ ജനകീയ വിദ്യാഭ്യാസ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു പ്രസിഡന്റ്. അവകാശങ്ങള്‍ നിഷേധിക്കപ്പെടുമ്പോള്‍ അതിനെ ചോദ്യം ചെയ്യുന്നതിന് ഭരണഘടനാ അവബോധം ആവശ്യമാണ്. നിയമ സാക്ഷരത നേടുന്നത് പൗരധര്‍മ്മത്തിന്റെ ഭാഗമായി മാറ്റണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ഇന്ത്യന്‍ ഭരണഘടന ജനങ്ങളിലേയ്ക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ ജനുവരി 26 വരെയാണ് ഭരണഘടന സാക്ഷരതാ പരിപാടികള്‍ സംഘടിപ്പിക്കുന്നത്. പഞ്ചായത്ത് നഗരസഭ റിസോഴ്സ് പേഴ്സണ്‍മാര്‍ക്കായി ഭരണഘടനാ സാക്ഷരതയെക്കുറിച്ച് അഡ്വ. സുനില്‍ പേരൂര്‍, അഡ്വ.ഡെന്നി ജോര്‍ജ്ജ് എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോര്‍ജ് മാമ്മന്‍ കൊണ്ടൂര്‍ അധ്യക്ഷത വഹിച്ച പരിപാടിയില്‍ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ കെ.ജി അനിത, വികസന സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ എലിസബത്ത് അബു, അധ്യാപകരായ കോന്നിയൂര്‍ രാധാകൃഷ്ണന്‍, അഫ്സല്‍ ആനപ്പാറ, രാജന്‍ പടിയറ, സാക്ഷരതാ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ഡോ.വി വി മാത്യു, അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ ഡോ.പി.മുരുകദാസ്, പഞ്ചായത്ത് നഗരസഭ റിസോഴ്സ് പേഴ്സണ്‍മാര്‍, സാക്ഷരതാമിഷന്‍ പ്രേരക്മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.