സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായി വി. ഡി. സതീശൻ സെക്രട്ടേറിയറ്റിലെ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി ചുമതലയേറ്റെടുത്തു. സത്യപ്രതിജ്ഞക്കും ലോക്ഭവനിലെ ഗവർണറുടെ ചായ സൽക്കാരത്തിനും ശേഷം ഉച്ചക്ക് 12.44 നാണ് അദ്ദേഹം ഔദ്യോഗികമായി ചുമതലയേറ്റത്. ചീഫ് സെക്രട്ടറി ഡോ. എ ജയതിലക്, പൊതുഭരണ വകുപ്പ് സെക്രട്ടറി കെ. ബിജു എന്നിവർ പൂച്ചെണ്ടുകൾ നൽകി മുഖ്യമന്ത്രിയെ സ്വീകരിച്ചു. മന്ത്രിസഭാംഗങ്ങൾ, ഉന്നത ഉദ്യോഗസ്ഥർ, വിവിധ രാഷ്ട്രീയ-സാമൂഹിക രംഗങ്ങളിലെ പ്രമുഖർ എന്നിവരും സന്നിഹിതരായിരുന്നു. തുടർന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ആദ്യ മന്ത്രിസഭാ യോഗം ചേർന്നു.
