കേരളത്തിന്റെ സമ്പന്നമായ കൈത്തറി പാരമ്പര്യത്തെയും പ്രാദേശിക കരകൗശല വൈദഗ്‌ധ്യത്തെയും ആഗോളതലത്തിൽ പ്രോത്സാഹിപ്പിക്കുന്നതിനായി കോവളത്തുള്ള കേരള ആർട്സ് & ക്രാഫ്റ്റ്സ് വില്ലേജ് (KACV) ഒരുക്കുന്ന ‘ഗിഫ്റ്റ് എ ട്രഡിഷൻ’ (Gift a Tradition) പദ്ധതിയുടെ 2026 എഡിഷന് തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനവും കൈത്തറി വസ്ത്രങ്ങൾ മാത്രം ഉൾപ്പെടുത്തി ആകർഷകമായി രൂപകൽപ്പന ചെയ്‌ത പ്രത്യേക ഗിഫ്റ്റ് ബോക്സ്‌സിന്റെ ലോഞ്ചും ടൂറിസം-സാംസ്കാരിക വകുപ്പ് മന്ത്രി പി. സി. വിഷ്‌ണുനാഥ് ക്രാഫ്റ്റ്സ് വില്ലേജിൽ വച്ച് നിർവഹിച്ചു. വേദിയിൽ പ്രത്യേകമായി സജ്ജീകരിച്ചിരുന്ന തനത് രാട്ടിൽ കൈത്തറി നൂൽ നൂറ്റുകൊണ്ട് മന്ത്രി പദ്ധതി ഉദ്ഘാടനം ചെയ്‌തത് പരമ്പരാഗത കൈത്തറി സംസ്‌കാരത്തിനുള്ള ആദരവായി മാറി.

കേരള ആർട്സ് & ക്രാഫ്റ്റ്സ് വില്ലേജ് വലിയൊരു സാമൂഹിക ഉത്തരവാദിത്വത്തോടെയാണ് പ്രവർത്തിക്കുന്നതെന്ന് ഉദ്ഘാടന പ്രസംഗത്തിൽ മന്ത്രി പി. സി. വിഷ്ണുനാഥ് പറഞ്ഞു. കരകൗശല മേഖലയിലുള്ളവരെയും കലാകാരന്മാരെയും കൈത്തറി മേഖലയിൽ പണിയെടുക്കുന്ന പ്രിയപ്പെട്ടവരെയും പിന്തുണയ്ക്കുക എന്ന ദൗത്യം ഈ സ്ഥാപനം വിജയകരമായി മുന്നോട്ട് കൊണ്ടുപോകുന്നു. ഇന്ന് സമ്മാനങ്ങൾ നൽകുന്ന രീതിയിൽ വലിയ മാറ്റം വന്നിട്ടുണ്ട്. അർത്ഥവത്തായ സമ്മാനങ്ങൾ നൽകുന്ന ഒരു ‘മീനിങ്ഫുൾ ഗിഫ്റ്റിങ്’ സംസ്കാരം വളർന്നുവരികയാണ്. നമ്മൾ കൊടുക്കുന്ന സമ്മാനത്തിന് പിന്നിൽ ഒരു കഥയോ പ്രാധാന്യമോ ഉണ്ടാകണം എന്ന് ആളുകൾ ആഗ്രഹിക്കുന്നു. സമ്മാനമായി നൽകാൻ സാധിക്കുന്ന ഒട്ടനവധി തനത് ഉൽപ്പന്നങ്ങൾ കേരളത്തിലുണ്ടെന്ന് മന്ത്രി പറഞ്ഞു. ബാലരാമപുരത്തെ കൈത്തറി, ആറന്മുള കണ്ണാടി, കരുനാഗപ്പള്ളിയിലെ തഴപ്പായ ഉൽപ്പന്നങ്ങൾ എന്നിങ്ങനെ കേരളത്തിലെ ഓരോ ജില്ലയ്ക്കും പ്രദേശത്തിനും തനതായ ക്രാഫ്റ്റുകളുണ്ട്. ഇവ സമ്മാനിക്കുമ്പോൾ അതുവഴി നമ്മുടെ വൈവിധ്യമാർന്ന സാംസ്കാരിക പൈതൃകത്തിന്റെ വിനിമയം കൂടിയാണ് നടക്കുന്നത്.
കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജുമായി ചേർന്ന് ടൂറിസം വകുപ്പിന് ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്യാനാകും. വരും ദിവസങ്ങളിൽ കൂടിയാലോചനകൾ നടത്തി ഇതിനാവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
കേരളത്തിലേക്ക് ആദ്യകാലത്ത് വിദേശ സഞ്ചാരികൾ എത്തിയത് കോവളം കാണാനാണ്. മറ്റ് ടൂറിസം കേന്ദ്രങ്ങൾ വികസിക്കുന്നതിന് മുൻപേ വളർന്നുവന്ന സ്ഥലമാണിത്. എന്നാൽ പിന്നീട് അതിനനുസരിച്ചുള്ള പ്രാധാന്യവും പരിഗണനയും കോവളത്തിന് കിട്ടാതെ പോയി. നിലവിൽ അവിടെ അടിസ്ഥാന സൗകര്യങ്ങളുടെ പ്രശ്നങ്ങളുണ്ട്. മാലിന്യ സംസ്കരണ സംവിധാനങ്ങളോ പരിപാലനത്തിനായുള്ള ജീവനക്കാരോ ആവശ്യത്തിനില്ല. ഈ സാഹചര്യത്തിൽ കോവളം വികസിപ്പിക്കാൻ ആവശ്യമായ കാര്യങ്ങൾ സർക്കാർ ആരംഭിക്കും. വിനോദസഞ്ചാര കേന്ദ്രങ്ങളെ പരിപാലിക്കുന്നതിനുള്ള പദ്ധതി കോവളത്തുനിന്ന് തന്നെ ആരംഭിക്കാനാണ് ആഗ്രഹിക്കുന്നത്. കോവളത്തെ പഴയ പ്രതാപത്തിലേക്ക് തിരികെ കൊണ്ടുവരുന്നതിൽ ക്രാഫ്റ്റ്സ് വില്ലേജിന് വലിയ പങ്ക് വഹിക്കാൻ കഴിയുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കൈത്തറി മേഖലയ്ക്ക് കൂടുതൽ വിപണി സാധ്യതകൾ തുറന്നുനൽകുകയും കേരളത്തിന്റെ തനത് ഉൽപ്പന്നങ്ങളെ ഗിഫ്റ്റിംഗ് കൾച്ചറിന്റെ ഭാഗമാക്കുകയുമാണ് ‘ഗിഫ്റ്റ് എ ട്രഡിഷൻ’ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ചടങ്ങിൽ എം. വിൻസെൻ്റ് എം.എൽ.എ. അധ്യക്ഷത വഹിച്ചു. ULCCS മാനേജിങ് ഡയറക്ടർ ഷാജു എസ്. സ്വാഗതം പറഞ്ഞു. KACV ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ശ്രീപ്രസാദ് ടി. യു. പ്രൊജക്റ്റ് പ്രസന്റേഷൻ നടത്തി. പദ്ധതിയുടെ ഭാഗമായുള്ള ആദ്യ ഗിഫ്റ്റ് ബോക്‌സ് മന്ത്രി പി. സി. വിഷ്ണുനാഥ് എം. വിൻസെൻ്റ് എം.എൽ.എ.ക്ക് കൈമാറി. ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, കരകൗശല വിദഗ്ധർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
