നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കാൻ കേരളത്തിലെ യുവജനങ്ങൾ മുന്നിട്ടിറങ്ങണമെന്ന് സഹകരണ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. സംസ്ഥാന യുവജന ബോർഡ് സംഘടിപ്പിച്ച നവോത്ഥാന ജാഥയും സാംസ്കാരിക കൂട്ടായ്മയും വെള്ളയമ്പലം അയ്യൻകാളി പ്രതിമയ്ക്ക് സമീപം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നവോത്ഥാന ചരിത്രം പരിശോധിച്ചാൽ യുവാക്കളുടെ പങ്ക് വ്യക്തമാകും. സ്ത്രീകളുടെ ഇടപെടലാണ് എക്കാലവും നവോത്ഥാനത്തെ മുന്നോട്ടു നയിച്ചിട്ടുള്ളത്. പണ്ടുകാലത്ത് അവർണ സവർണ വ്യത്യാസമില്ലാതെ സ്ത്രീകൾ അവഗണന അനുഭവിച്ചിരുന്നു. ഇന്നത്തെ തലമുറയ്ക്ക് ചിന്തിക്കാൻ പോലുമാകാത്ത തരത്തിലുള്ള അനാചാരങ്ങളുടെ ഇരകളായിരുന്നു സ്ത്രീകൾ. കേരളത്തിന്റെ നവോത്ഥാന ചരിത്രം പരിശോധിക്കുമ്പോൾ നങ്ങേലിയുടെ ചരിത്രം അവഗണിക്കാനാവില്ല. സമരങ്ങളിലൂടെ നേടിയെടുത്ത നവോത്ഥാന മൂല്യങ്ങളെ നശിപ്പിക്കുന്ന പ്രവർത്തനങ്ങളാണ് ഇന്ന് നടക്കുന്നത്. അവയെ നേരിട്ട് നവോത്ഥാന മൂല്യങ്ങളെ സംരക്ഷിക്കാൻ യുവജനങ്ങൾ തയ്യാറാവണം. വരുംകാല ചരിത്രം രേഖപ്പെടുത്താൻ പോകുന്ന സ്ത്രീകളുടെ സുപ്രധാന മുന്നേറ്റമായി വനിതാ മതിൽ മാറുമെന്ന് മന്ത്രി പറഞ്ഞു.
ജാഥയിൽ നവോത്ഥാനത്തിന്റെ നാൾവഴികൾ വ്യക്തമാക്കുന്ന നിശ്ചല ദൃശ്യങ്ങൾ ഒരുക്കിയിരുന്നു. നവോത്ഥാന പ്രതിജ്ഞ മന്ത്രി ചൊല്ലിക്കൊടുത്തു. യുവജനങ്ങൾ പന്തം കൊളുത്തി ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാൻ പി. ബിജു അധ്യക്ഷത വഹിച്ചു. യുവജന കമ്മീഷൻ അധ്യക്ഷ ചിന്താ ജെറോം, ക്ഷേമബോർഡ് അംഗങ്ങളായ ഐ. സാജു, സന്തോഷ് കാല എന്നിവർ പങ്കെടുത്തു.