ചരിത്രപരമായ കാരണങ്ങളാല്‍ പിന്‍തള്ളപ്പെട്ടവര്‍, പാര്‍ശ്വവത്കരിക്കപ്പെട്ടര്‍, ഒരു പക്ഷേ ബോധപൂര്‍വ്വം നാം പിന്‍തള്ളിയ ഗോത്ര ജനവിഭാഗത്തെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കാനുള്ള ശ്രമമാണ് ഗദ്ദികയിലൂടെ ഈ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് റവന്യൂ വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന്‍ പറഞ്ഞു. ഗോത്ര ജനവിഭാഗത്തിന്റെ ഉന്നമനത്തിനും അടിസ്ഥാന പരമായ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും ബോധപൂര്‍വ്വമായ പരിശ്രമങ്ങള്‍ തന്നെയാണ്  സര്‍ക്കാര്‍ നടത്തുന്നത്. സംസ്ഥാനം രൂപീകൃതമായിട്ട് 62 വര്‍ഷം പിന്നിടുമ്പോഴും  സാമൂഹ്യ – സാംസ്‌കാരിക-വിദ്യാഭ്യാസ  മേഖലകളില്‍ വേണ്ടത്ര മാറ്റങ്ങള്‍ കൈവരിക്കാന്‍ ആദിവാസി വിഭാഗങ്ങള്‍ക്ക്  ഇപ്പോഴും സാധിച്ചിട്ടില്ല . പലപ്പോഴും അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ ഇവരുടെ കൈകളിലേക്ക് എത്താത്ത സാഹചര്യമുണ്ടായിരുന്നത്. എന്നാല്‍ ഈ ഗവണ്‍മെന്റ് അധികാരത്തില്‍ എത്തിയതിന് ശേഷം ഇവരെ മുഖ്യധാരയിലേക്ക് കൈപിടിച്ചു ഉയര്‍ത്താന്‍ നിരവധി സംരംക്ഷണ നടപടികളാണ് നടപ്പാക്കി വരുന്നത്. കൂടാതെ ഗോത്ര വിഭാഗങ്ങളിലെ കുട്ടികളുടെ ആരോഗ്യ സംരംക്ഷണത്തിനും മികച്ച വിദ്യാഭ്യസം നല്‍കുന്നതിനും ഈ സര്‍ക്കാര്‍ പ്രത്യേക പരിഗണന നല്‍കുന്നുണ്ടെന്നും  അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പട്ടികജാതി-പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെയും കിര്‍ടാഡ്സിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും നേതൃത്വത്തില്‍ കഴിഞ്ഞ ഒരാഴ്ചക്കാലമായി പിലിക്കോട് ഗ്രാമപഞ്ചായത്ത് മൈതാനത്തില്‍ നടന്നുവരുന്ന നാടന്‍ കലാമേള-ഉത്പന്ന പ്രദര്‍ശന വിപണനമേള  ഗദ്ദിക-2018 ന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു   അദ്ദേഹം.
എം. രാജഗോപാലന്‍ എം എല്‍ എ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍, മുന്‍ എം എല്‍ എ കെ.പി സതീഷ് ചന്ദ്രന്‍ ,നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി പി ജാനകി, പിലിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി വി ശ്രീധരന്‍, വലിയപറമ്പ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.ടി. അബ്ദുള്‍ ജബ്ബാര്‍ ട്രൈബല്‍ ഡവലപ്പ്‌മെന്റ് ഓഫീസര്‍ പി.റ്റി. അനന്തകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് അംഗം പി.വി പത്മജ ,ബ്ലോക്ക് പഞ്ചായത്ത് അംഗം എ.കൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത്ത് ബാബു സ്വാഗതവും ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ എസ് മീനാറാണി നന്ദിയും പറഞ്ഞു. തുടര്‍ന്ന് പി.പി ശ്രീനിവാസന്‍ അവതരിപ്പിച്ച പുള്ളുവന്‍ പാട്ടും ഭാരത് ഭവന്‍ അവതരിപ്പിച്ച ജാമ്പെ ബാംബു മ്യൂസിക്കും അരങ്ങേറി.
       ഈ മാസം 22ന് പട്ടികജാതി-പട്ടിക വര്‍ഗ പിന്നാക്ക വിഭാഗക്ഷേമ വകുപ്പ് മന്ത്രി എ.കെ ബാലനാണ് ഗദ്ദിക-18 ന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. പരിപാടിയുടെ ഭാഗമായി സാംസ്‌കാരികഘോഷയാത്രയും സംഘടിപ്പിച്ചിരുന്നു. അന്യം നിന്നുകൊണ്ടിരിക്കുന്ന ഗോത്രവര്‍ഗ പൈതൃകവും തനതുകലകളും സംരംക്ഷിക്കുകയും  പരമ്പരാഗത തൊഴില്‍ ഉത്പന്നങ്ങളുടെ പ്രദര്‍ശനവും ആദിവാസി ഗോത്രസമൂഹങ്ങളുടെ പരമ്പരാഗതമായ രുചിക്കൂട്ടുകളും, മുളയരി, റാഗി, കാട്ടുതേന്‍ തുടങ്ങിയ വനവിഭവങ്ങളും പൈതൃകമായി പകര്‍ന്നുകിട്ടിയ വൈദ്യചികിത്സാ രീതികളും പൊതു സമൂഹത്തിനു മുന്നില്‍ പരിചയപ്പെടുത്തുകയാണ് ഗദ്ദികയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിട്ടത്. ഇതിനുപുറമെ എല്ലാ ദിവസങ്ങളിലും വൈകീട്ട് വിവിധ വിഷയങ്ങളെ ആസ്പദമാക്കി സാംസ്‌കാരിക സായാഹ്നവും വിവിധ ഗോത്രകലാരൂപങ്ങളുടെ ആവിഷ്‌കാരവും സംഘടിപ്പിച്ചിരുന്നു.
ഗദ്ദികയിലെ എട്ടു ദിവസത്തെ വിറ്റു വരവ് മുപ്പത്തിയേഴരലക്ഷം
കാലിക്കടവിന്റെ മണ്ണില്‍ ഗദ്ദികയുടെ എട്ടു ദിവസത്തെ വിറ്റ് വരവ് മുപ്പത്തിയേഴര ലക്ഷം. പട്ടികജാതി -പട്ടികവര്‍ഗ വികസന വകുപ്പും ,കിര്‍ത്താട്‌സും ജില്ലാ ഭരണകൂടവും സംയുക്തമായി ഡിസംബര്‍ 22 മുതല്‍ 30 വരെ പിലിക്കോട് ഗ്രാമ പഞ്ചായത്തിലെ കാലിക്കടവ് മൈതാനിയില്‍ സംഘടിപ്പിച്ച ഗദ്ദിക നാടന്‍ കലാമേളയ്ക്ക് ജില്ലയില്‍ വന്‍ സ്വീകാര്യതയാണ് ലഭിച്ചത.് ഗ്രോത്രവിഭാഗങ്ങളിലെ തനത് കലകളുടെ പൈതൃകം സംരക്ഷിക്കുന്നതിനും , പരിപോഷിപ്പിക്കുന്നതിനും അവരുടെ പരമ്പരാഗത തൊഴില്‍ ഉത്പന്നങ്ങള്‍ പൊതു സമൂഹത്തിന് മുന്നില്‍ പ്രദര്‍ശിപ്പിച്ച് വിപണനം നടത്തുന്നതിനുമാണ് മേളപ്രധാനമായും ലക്ഷ്യമിട്ടത്. നൂറിലധികം സ്റ്റാളുകളാണ് സന്ദര്‍ശകര്‍ക്കായി ഒരുക്കിയത്. ഔഷധക്കൂട്ടുകളുടെയും ,വിവിധ കരകൗശല വസ്തുക്കളുടെയും പ്രദര്‍ശനം , വിപണനം എന്നതിലുപരി അവ പുതുതലമുറയ്ക്ക് പരിചയപ്പെടുത്താന്‍ കഴിഞ്ഞു എന്നത് മേളയുടെ സുപ്രധാന നേട്ടമാണ്. കൂടാതെ ഇതാദ്യമായാണ് ഗദ്ദിക നാടന്‍ കലാമേലയ്ക്ക് ജില്ല സാക്ഷ്യം വഹിക്കുന്നത്.മേളയുടെ ലാഭത്തില്‍ ഭക്ഷ്യമേളയുടെ പങ്ക് വലുതായിരുന്നു.തനതു രുചിക്കൂട്ടുകള്‍ക്ക് പുറമെ ഉറുക്കിചമ്മന്തിയുള്‍പ്പെടെയുള്ള വിഭവങ്ങളും ഭക്ഷ്യമേളയിലെ പ്രധാന ഇനങ്ങളായിരുന്നു. രോഗങ്ങള്‍ വിളിച്ച് വരുത്തിയ പാശ്ചാത്യ ഭക്ഷണ രീതികളില്‍ നിന്നും പിന്‍തിരിയാനുള്ള സന്ദേശമുയര്‍ത്തിയ ഭക്ഷ്യമേളയില്‍ മരുന്ന് കാപ്പി, മുളയരിപായസം, ചാമയരിപായസം, തിന പായസം , തിന ഉപ്പ്മാവ് , ചാമ ഉപ്പ് മാവ് , മുത്താറികൊുള്ള വിഭവങ്ങള്‍, ചേമ്പിന്‍ താള്കറി, ചുരുളി ചൊപ്പ് ,മീന്‍പുട്ടാട , ചീങ്കല്‍ നിച്ച് തുടങ്ങിയവ ഭക്ഷ്യമേളയിലെ ഏറെ വിറ്റഴിഞ്ഞ വിഭവങ്ങളായിരുന്നു. വംശീയ വൈദ്യമായിരുന്നു മേളയുടെ മറ്റൊരു ആകര്‍ഷണീയത.വിവിധ ത്വക്ക് രോഗങ്ങള്‍, നാഡി രോഗങ്ങള്‍ വാതരോഗങ്ങള്‍, നേത്രരോഗങ്ങള്‍, തുടങ്ങിയവയ്ക്കുള്ള ഫലപ്രദമായ ഔഷധങ്ങളും ആവിക്കുളി, ഉഴിച്ചല്‍ പോലുള്ള ചികിത്സ രീതികളും പൊതുജനങ്ങള്‍ക്ക് ഏറെ വിജ്ഞാനപ്രദമായിരുന്നു. കൂടാതെ ഓരോ സായാഹ്ന സമാപനത്തിലും വിവിധ കലാരൂപങ്ങളും അരങ്ങേറി .