പുതുവർഷ ദിനത്തിൽ നാം ഒത്തുചേരുകയാണ്. നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കുന്നതിനുളള മതിലായി. സ്ത്രീ-പുരുഷ തുല്യത എന്ന ഭരണഘടനാ കാഴ്ചപ്പാടിനെ പിന്തുണയ്ക്കുവാനായി, കേരളത്തെ ഭ്രാന്താലയമാക്കാനുളള ശ്രമങ്ങളെ ചെറുക്കുമെന്ന മുദ്രാവാക്യവുമായി, നാം ഇവിടെ അണിചേരുകയാണ്.
ഭ്രാന്താലയമെന്ന് നമ്മുടെ നാട് വിളിക്കപ്പെട്ടിരുന്നു. അത് ഇന്ന് ദൈവത്തിൻറെ സ്വന്തം നാടെന്ന വിശേഷണം നേടിയിരിക്കുകയാണ്. ത്യാഗപൂർണ്ണമായ സമരങ്ങളാണ് അതിന് കാരണമായതെന്ന് നാം തിരിച്ചറിയുന്നു.
മേൽമുണ്ട് കലാപവും കല്ലുമാല സമരവും അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് കുതിക്കുന്നതിനുളള ഇടപെടലുകളും അഭിമാനപൂർവ്വം നമ്മൾ ഓർക്കുന്നു. അടിമത്വത്തിനെതിരെ വ്യത്യസ്ത വഴികളിലൂടെ പൊരുതി നീങ്ങിയ പോരാളികളേ, നിങ്ങളെ ഞങ്ങൾ അനുസ്മരിക്കുന്നു. ചരിത്രത്തിൽ രേഖപ്പെടുത്താതെ പോയ ത്യാഗങ്ങളെയും സഹനങ്ങളെയും നമ്മൾ ഉയർത്തിപ്പിടിക്കുക തന്നെ ചെയ്യും.
മുന്നോട്ടുള്ള വളർച്ചയ്‌ക്കെതിരെ അന്നും ഉറഞ്ഞുതുള്ളിയ യാഥാസ്ഥിതികത്വത്തിൻറെ പുതിയ മുഖങ്ങളെ നമ്മൾ തിരിച്ചറിയുന്നു. അവരുടെ പ്രചരണങ്ങളിൽ കുരുങ്ങിയവർ അന്നും ഏറെ ഉണ്ടായിരുന്നു. അതിനെ വകഞ്ഞുമാറ്റിയാണ് നാം ഇവിടെ എത്തിയത്.
പരസ്പര അംഗീകാരത്തിൻറെയും പങ്കാളിത്തത്തിൻറെയും ലോകത്താണ് സ്ത്രീയുടെയും പുരുഷൻറെയും ജീവിതം സർഗ്ഗാത്മകമാകുന്നത്. സ്ത്രീ സമത്വം എന്നത് സാമൂഹ്യ വിമോചനത്തിൻറെ ഭാഗമാണ്. അതിനാലാണ് നാടിനെ സ്‌നേഹിക്കുന്നവർ ഈ ആശയത്തെ പിന്തുണച്ചതെന്നും നമ്മൾ മനസ്സിലാക്കുന്നു. ഈ സംരംഭത്തിന് പിന്തുണ നൽകിയ കേരള സർക്കാരിൻറെ നിലപാടിനെ നമ്മൾ ആദരവോടെ കാണുന്നു.
നവോത്ഥാന മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുമെന്നും സ്ത്രീ സമത്വത്തിനായി നിലകൊള്ളുമെന്നും കേരളത്തെ ഭ്രാന്താലയമാക്കാനുളള പരിശ്രമങ്ങളെ പ്രതിരോധിക്കുമെന്നും മതനിരപേക്ഷത സംരക്ഷിക്കാൻ പോരാടുമെന്നും പ്രതിജ്ഞ ചെയ്യുന്നു. പ്രതിജ്ഞ, പ്രതിജ്ഞ, പ്രതിജ്ഞ….