കണ്ണൂർ: ജനുവരി ഒന്നിന് നടക്കുന്ന വനിതാ മതിലിന്റെ പ്രചരണാര്‍ത്ഥം ജില്ലാ സംഘാടക സമിതിയുടെ ആഭിമുഖ്യത്തില്‍ റോളര്‍ സ്‌കേറ്റിംഗ് സംഘടിപ്പിച്ചു. കലക്ടറേറ്റ് പരിസരത്ത് നിന്ന് തുടങ്ങി നഗരം ചുറ്റിയ ശേഷം സ്പോര്‍ട്സ് കൗണ്‍സിലിന് സമീപത്ത് സമാപിച്ചു. ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച റോളര്‍ സ്‌കേറ്റിംഗില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. സ്പോര്‍ട്സ് സ്‌കൂളിലെ വിദ്യാര്‍ത്ഥികളും കായിക വസ്ത്രമണിഞ്ഞ് റോളര്‍ സ്‌കേറ്റിംഗ് സംഘത്തെ അനുഗമിച്ചു.
മേയര്‍ ഇ പി ലത പരിപാടി ഫ്ളാഗ് ഓഫ് ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് അധ്യക്ഷനായി. സ്പോര്‍ട്സ് കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് ഒ കെ വിനീഷ്, ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി കെ ബൈജു, റോളര്‍ സ്‌കേറ്റിംഗ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി കെ പ്രകാശന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
വനിതാമതില്‍ പ്രചാരണത്തിന്റെ ഭാഗമായി ഇന്ന് (ഡിസംബര്‍ 31) വൈകീട്ട് അഞ്ചിന് ടൗണ്‍ സ്‌ക്വയറില്‍ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ വനിതാ പിരമിഡ് സ്ഥാപിക്കും.