സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡ് വിതരണം ചെയ്ത ഭവന നിര്‍മ്മാണ വായ്പകള്‍ നിരവധി ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി നടപ്പിലാക്കിയിട്ടും തിരിച്ചടക്കാന്‍ പ്രയാസപ്പെടുന്നവര്‍ക്കായി സര്‍ക്കാര്‍ പരമാവധി ഇളവ് നല്‍കുമെന്ന് റവന്യൂ-ഭവന വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍. വായ്പാ ഗുണഭോക്താക്കളുടെ ദുരിതം കണക്കിലെടുത്ത് സംസ്ഥാന വ്യാപകമായി അദാലത്തുകള്‍ സംഘടിപ്പിക്കുന്നുണ്ടെന്നും അതില്‍ പങ്കെടുത്ത് സര്‍ക്കാരിന്റെ ഇളവുകള്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ഭവന നിര്‍മ്മാണ വായ്പകള്‍ തീര്‍പ്പാക്കല്‍ അദാലത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കാസര്‍കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭവന നിര്‍മ്മാണ ബോര്‍ഡ് 2000ന് മുമ്പ് വിതരണം ചെയ്ത 18 വര്‍ഷം മുതല്‍ 30 വര്‍ഷം വരെ പഴക്കമുള്ള 2573 വായ്പകളാണ് തിരിച്ചടവില്ലാത നിലനില്‍ക്കുന്നത്. ജില്ലാ ഭരണകൂടങ്ങളുടെ സഹായത്തോടെ ഇവരെ തിരിച്ചറിയുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായി വരുന്നു. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും വായ്പാ തിരിച്ചടവില്ലാതെ തുടര്‍ന്ന് പോവുന്ന സാഹചര്യം വകുപ്പിന് വലിയ സാമ്പത്തിക ബാധ്യതയാണ് വരുത്തുന്നത്. ഹഡ്‌കോയില്‍ നിന്നെടുത്ത തുകയില്‍ നിന്നാണ് വായ്പ നല്‍കിയിരിക്കുന്നത്. ഗുണഭോക്താക്കളില്‍ ചിലര്‍ വര്‍ഷങ്ങളായി തിരിച്ചടവ് തെറ്റിച്ചതിനെ തുടര്‍ന്ന് വായ്പാ കുടിശ്ശിക വര്‍ധിച്ചു വരുന്ന സാഹചര്യം ഖേദകരമാണ്.  ഇതൊക്കെ കണക്കിലെടുത്ത് കൊണ്ടാണ് സര്‍ക്കാര്‍ സംസ്ഥാന വ്യാപകമായി അദാലത്ത് സംഘടിപ്പിക്കുന്നത്. കാസര്‍കോട് ഡിവിഷനില്‍ വായ്പാ കുടിശ്ശിക വരുത്തിയ 224 പേരില്‍ 160ഓളം പേര്‍ അദാലത്തില്‍ എത്തിയത് പ്രതീക്ഷാര്‍ഹമാണെന്ന് മന്ത്രി   പറഞ്ഞു. ഈ മേഖലയിലെ ഗുണഭോക്താക്കള്‍ക്ക് വായ്പ തിരിച്ചടക്കുന്നതിന് 90 ദിവസം അധികസമയം നല്‍കുന്നതായുള്ള മന്ത്രിയുടെ പ്രഖ്യാപനം സദസ്സ് നിറഞ്ഞ കൈയ്യടിയോടെ സ്വീകരിച്ചു. വര്‍ഷങ്ങളായി വായ്പാ തിരിച്ചടക്കാന്‍ കഴിയാത്തവരോട് സര്‍ക്കാര്‍ അനുകമ്പാ പൂര്‍ണമായ സമീപനമാണ് സ്വീകരിക്കുന്നതെന്നും അതോടൊപ്പം തന്നെ ദുര്‍ബല വിഭാഗങ്ങളുടെ വായ്പകള്‍ എഴുതിത്തള്ളുകയും ചെയ്തിട്ടുണ്ടെന്നും മന്ത്രി ഓര്‍മ്മിപ്പിച്ചു.  വായ്പകള്‍ തീര്‍പ്പാക്കുന്നതിനുള്ള ഈ അസുലാഭവസരം ഗുണഭോക്താക്കള്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.