*സ്വന്തമായി വീട് പുനർനിർമിക്കുന്ന 6546 കുടുംബങ്ങൾക്ക് ആദ്യ ഗഡു സഹായം കൈമാറി
*2000 വീടുകൾ സഹകരണ വകുപ്പ് നിർമിക്കുന്നു
*വീട് നിർമാണത്തിന് സ്‌പോൺസർമാരും റെഡി
പ്രളയാനന്തര പുനർനിർമാണവും ദുരിതാശ്വാസവും ഇഴഞ്ഞു നീങ്ങുന്നവെന്ന വാർത്തകളും പ്രചാരണവും അടിസ്ഥാനരഹിതമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 13311 വീടുകളാണ് പൂർണമായി തകർന്നത്. ഇതിൽ 8881 കുടുംബങ്ങൾ സ്വന്തമായി വീട് പുനർനിർമിക്കാൻ തയ്യാറായിട്ടുണ്ട്. 6546 കുടുംബങ്ങൾക്ക് ഒന്നാം ഗഡു സഹായം നൽകി. അന്താരാഷ്ട്ര മാനദണ്ഡപ്രകാരം സ്വയം മുന്നോട്ടു വരുന്നവർക്ക് മുൻഗണന നൽകേണ്ടതുണ്ട്. ബാക്കിയുള്ളവർക്ക് ജനുവരി പത്തിനകം ഒന്നാം ഗഡു വിതരണം ചെയ്യും. പൂർണമായി തകർന്ന 2000      വീടുകൾ സഹകരണ മേഖല നിർമിച്ചു നൽകുന്നതിനുള്ള നടപടി പുരോഗമിക്കുകയാണ്.
ബാക്കിയുള്ള വീടുകൾ നിർമിക്കാൻ സ്‌പോൺസർമാരെ കണ്ടെത്തിയിട്ടുണ്ട്. സ്വന്തമായി ഭൂമിയില്ലാത്ത വീടു നഷ്ടപ്പെട്ട 1075 കുടുംബങ്ങളുണ്ട്. ഇവർക്കായി സ്ഥലം കണ്ടെത്താൻ നടപടി സ്വീകരിച്ചുവരുന്നു. 2,43,162 വീടുകളാണ് ഭാഗികമായി തകർന്നത്. 15 ശതമാനം കേട് സംഭവിച്ച വീടുകൾക്ക് പതിനായിരം രൂപ വീതവും 30 ശതമാനം കേട് സംഭവിച്ച വീടുകൾക്ക് 60,000 രൂപ വീതവും പരിശോധന കൂടാതെ ജനുവരി പത്തിനകം നൽകാൻ നേരത്തെ നിർദ്ദേശിച്ചിരുന്നു. ബാക്കിയുള്ളവയുടെ പരിശോധന നടത്തി തുക നൽകും.
അടിയന്തര സഹായമായി 6,87,000 കുടുംബങ്ങൾക്ക് പതിനായിരം രൂപ വീതം 90 ദിവസത്തിനകം നൽകിയിരുന്നു. സമയം കഴിഞ്ഞ് അപേക്ഷ നൽകിയത് 1,12,385 പേരാണ്. ഇതിൽ 1,11,873 പേരുടെ അപേക്ഷ തീർപ്പാക്കി. ആലപ്പുഴയിൽ 1,63,952 പേർക്ക് പതിനായിരം രൂപ നൽകി. പിന്നീട് ലഭിച്ച 1278 അപ്പീൽ അപേക്ഷകളാണ് ബാക്കിയുള്ളത്. ബാങ്ക് അക്കൗണ്ടിന്റെ വിശദാംശം ലഭിക്കാത്തതിനാൽ പണം നൽകാൻ കഴിയാതിരുന്ന അപേക്ഷകൾ ഇക്കൂട്ടത്തിലുണ്ട്. 1162 വീടുകളാണ് ആലപ്പുഴയിൽ പൂർണമായി തകർന്നത്. ഇതിൽ 701 വീടുകൾ സ്വയം നിർമിക്കാൻ ഉടമകൾ തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ട്. 684 പേർക്ക് ആദ്യ ഗഡു നൽകി.
എറണാകുളം ജില്ലയിൽ 2272 വീടുകൾ പൂർണമായി തകർന്നു. 1342 പേർ സ്വന്തമായി വീട് നിർമിക്കാൻ തയ്യാറായിട്ടുണ്ട്. 1329 പേർക്ക് ആദ്യ ഗഡു തുക നൽകി. 86341 വീടുകൾ ഭാഗിയമായി തകർന്നു. നിശ്ചിത തിയതിക്ക് ശേഷം 30,000 അപേക്ഷകളാണ് ലഭിച്ചത്. ഇതിൽ പലതും യോഗ്യതയില്ലാത്ത അപേക്ഷയാണെന്ന് കണ്ടെത്തി. പരിശോധനയ്ക്കായി 60 ടീമുകളാണ് രൂപീകരിച്ചത്.
റോഡ് ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യം, ജലവിഭവം, പരിസ്ഥിതി, ജീവനോപാധി, ഗതാഗതം, കൃഷി എന്നിവയുടെ പുനർനിർമാണവുമായി ബന്ധപ്പെട്ട് അതാത് വകുപ്പുകൾ സെക്‌ടോറിയൽ രേഖ തയ്യാറാക്കുന്നുണ്ട്. ഇന്ത്യാ റോഡ് കോൺഗ്രസിന്റെ മാനദണ്ഡങ്ങൾ പാലിക്കുന്ന ഡിസൈനർ റോഡുകളും ഗോവൻ മാതൃകയിൽ നദികളിലെ ജലം തടഞ്ഞു നിർത്തുന്ന താത്കാലിക ഡാമുകളും പരിഗണനയിലാണ്. ഇത് സംബന്ധിച്ച് വിശദമായ പഠനത്തിന്റെ അടിസ്ഥാനത്തിൽ റിപ്പോർട്ട് തയ്യാറാക്കണം. ഈ വിഷയങ്ങളിലെല്ലാം സമയബന്ധിതമായി നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.