2016-17 ബജറ്റിൽ പ്രഖ്യാപിച്ച ഓംകാരനാഥൻ മൾട്ടി പർപ്പസ് ഇൻഡോർ സ്‌റ്റേഡിയം നിർമാണ ഘട്ടത്തിലേക്ക്. 36.88 കോടി രൂപ വകയിരുത്തിയിട്ടുള്ള സ്‌റ്റേഡിയത്തിന് കിഫ്ബിയുടെ അനുമതി ലഭിച്ചുകഴിഞ്ഞു. കൽപ്പറ്റ ടൗണിൽ നിന്നും ഒരു കിലോമീറ്റർ അകലെ അമ്പിലേരിയിൽ അഞ്ച് ഏക്കറിലാണ് ഓംകാരനാഥ മൾട്ടി പർപ്പസ് ഇൻഡോർ സ്‌റ്റേഡിയം ഒരുങ്ങുന്നത്. ജില്ലാ സ്‌പോർട്‌സ് കൗൺസിലിന്റെ നേതൃത്വത്തിൽ കഴിഞ്ഞ വർഷം സ്‌റ്റേഡിയത്തിനായുള്ള പ്രാരംഭനടപടികൾ ആരംഭിക്കുകയും ഡിപിആർ തയ്യാറാക്കി നൽകുകയും ചെയ്തിരുന്നു. ഇതിന്റെ തുടർച്ചയായാണ് സ്‌റ്റേഡിയത്തിന്റെ നിർമാണപ്രവർത്തികൾക്ക് വേഗം കൈവന്നത്.
ഇൻഡോർ സ്‌റ്റേഡിയം, അഡ്മിനിസ്‌ട്രേഷൻ ബ്ലോക്ക്, നീന്തൽക്കുളം, ഡ്രസ്സിങ് റൂം എന്നിവയടങ്ങുന്നതാണ് സ്‌റ്റേഡിയം. ഇൻഡോർ സ്‌റ്റേഡിയത്തിനകത്ത് മൂന്ന് ബാഡ്മിന്റൺ കോർട്ടുകൾ, ബാസ്‌ക്കറ്റ് ബോൾ, വോളിബോൾ കോർട്ടുകൾ, ടെന്നീസ്, തായ്‌ക്കൊണ്ടോ, ജുഡോ, റസലിങ് എന്നിവയ്ക്ക് അനുയോജ്യമായ സംവിധാനങ്ങൾ ഉണ്ടാവും. 50 മീറ്റർ നീളത്തിലും, 30 മീറ്റർ വീതിയുമുള്ള നീന്തൽക്കുളം, ഫിൽട്ടറേഷൻ പ്ലാൻ ഉൾപ്പെടെയുള്ള എല്ലാ ആധുനിക സംവിധാനങ്ങളും നീന്തൽക്കുളത്തോടനുബന്ധിച്ചുണ്ടാകും. മഴവെള്ള സംഭരണിയുൾപ്പെടെയുള്ള സംവിധാനങ്ങൾ സ്റ്റേഡിയത്തിൽ ഒരുങ്ങും. വെള്ളം പമ്പ് ചെയ്ത് കളയുന്നതിനുൾപ്പെടെയുള്ള പ്രത്യേക സംവിധാനവും ഇവിടെ ഒരുക്കും. രണ്ട് സ്റ്റേഡിയം പണികളും അടിയന്തരമായി പൂർത്തിയാക്കുമെന്ന് കായികമന്ത്രിയുടെ പ്രഖ്യാപനവും ജില്ലക്ക് ഏറെ പ്രതീക്ഷയാണ് നൽകുന്നത്.

സ്‌പോർട്‌സ് കൗൺസിലിന് പുതിയ കെട്ടിടം
ദീർഘകാലമായി കളക്ടറേറ്റ് കോമ്പൗണ്ടിൽ ഒറ്റമുറിയിൽ പ്രവർത്തിക്കുന്ന ജില്ലാ സ്‌പോർട്‌സ് കൗൺസലിന് പുതിയ ഓഫീസിനും ഫണ്ട് അനുവദിച്ചിട്ടുണ്ട്. കളക്ടറേറ്റ് ബിൽഡിങ്ങിന്റെ മൂന്നാം നിലയിലാണ് കോൺഫറൻസ്ഹാൾ ഉൾപ്പടെയുള്ള സൗകര്യങ്ങളോടെ 1500 സ്‌ക്വയർഫീറ്റിൽ പുതിയ ഓഫീസ് ഒരുങ്ങുന്നത്. പുതിയ ഓഫീസ് മൂന്ന് മാസത്തിനുള്ളിൽ പ്രവർത്തനക്ഷമമാകും.