വൈജ്ഞാനിക ഗ്രന്ഥങ്ങളുടെ ശേഖരവുമായി കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പുസ്തകോത്സവം ശ്രദ്ധേയമാവുന്നു. കൽപ്പറ്റ എസ്.കെ.എം.ജെ ഹയർ സെക്കന്ററി സ്കൂളിൽ നടക്കുന്ന പുസ്തകോത്സവത്തിലാണ് ആരോഗ്യം, കൃഷി, സാഹിത്യം, സംഗീതം, ഭാഷ, സംസ്കാരം തുടങ്ങിയ വിഭാഗങ്ങളിലായി രണ്ടായിരത്തിലധികം പുസ്തകങ്ങൾ വായനക്കാർക്കായി ഒരുക്കിയിരിക്കുന്നത്.
കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് കോഴിക്കോട് പ്രാദേശിക കേന്ദ്രമാണ് ജനുവരി ഒന്നു മുതൽ അഞ്ചു വരെ പുസ്തകോത്സവം സംഘടിപ്പിക്കുന്നത്. ചുമർ ചിത്രങ്ങളെക്കുറിച്ചുള്ള പുസ്തകം, ആദിവാസി വിഭാഗങ്ങളെക്കുറിച്ച്, ഗാന്ധിജിയെകുറിച്ചുള്ള പഠനങ്ങൾ, ഇന്ത്യൻ ഭരണഘടന തുടങ്ങിയ വിവിധ വിഭാഗങ്ങളിലെ പുസ്തകങ്ങളും ലഭ്യമാക്കിയിട്ടുണ്ട്. പുസ്തകങ്ങൾക്ക് 20 മുതൽ 60 ശതമാനം വരെ വിലക്കിഴിവുമുണ്ട്. ‘അറിവ് നിനവ്’ എന്ന പേരിൽ തയ്യാറാക്കിയ പ്രശസ്തരുടെ ജീവചരിത്രങ്ങളും മേളയുടെ ആകർഷണമാണ്.
എസ്.കെ.എം.ജെ ഹയർ സെക്കന്ററി സ്കൂളിൽ പുസ്തകോത്സവം സി.കെ. ശശീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് അസിസ്റ്റന്റ് ഡയറക്ടർ എൻ. ജയകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച പണിയർ എന്ന പുസ്തകം എം.എസ്. സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷൻ പ്രിൻസിപ്പാളും എഴുത്തുകാരിയുമായ ഡോ. സി.എസ്. ചന്ദ്രിക പ്രകാശനം ചെയ്തു. വയനാട് ആദിവാസി വികസന സമിതി അംഗം ഇ. രാധ പുസ്തകം എറ്റുവാങ്ങി. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് എൽ.ഡി.സി പി. മുഹമ്മദ് ഇസ്ഹാക്ക്, ഡി.പി.ഒ ജി.എൻ ബാബുരാജ്, എസ്.കെ.എം.ജെ ഹയർസെക്കന്ററി സ്കൂൾ ഹെഡ്മാസ്റ്റർ എം.കെ. അനിൽകുമാർ, എം. നെഹബത്ത് തുടങ്ങിയവർ സംസാരിച്ചു.