ഴശ്ശിരാജയുടെയും കുറിച്യർ പോരാളികളുടെയും മണ്ണിൽനിന്നും പുതിയ പോരാട്ടവീര്യവുമായി അമ്പെയ്ത്തുകാരെ സജ്ജമാക്കാൻ ഒരുങ്ങുകയാണ് പുൽപ്പള്ളി താഴത്തങ്ങാടിക്കടുത്തുള്ള പുൽപ്പള്ളി ആർച്ചറി അക്കാദമി. 2024-ൽ പാരിസിൽ നടക്കുന്ന ഒളിംമ്പിക്‌സ് ലക്ഷ്യമിട്ടാണ് അക്കാദമിയിൽ നിന്നും വില്ലുകുലച്ച് അമ്പ് തൊടുക്കാൻ താരങ്ങളെ ഒരുക്കുന്നത്. സംസ്ഥാന സ്‌പോർട്‌സ് ഡയറക്ടറേറ്റ് ജില്ലാ സ്‌പോർട്‌സ് കൗൺസിലുമായി ചേർന്നാണ് പദ്ധതി തയ്യാറാക്കിയത്. ഒരുകോടി രൂപ നിർമാണ പ്രവൃത്തികൾക്ക് മാത്രം ഇതിനകം അനുവദിച്ചു. ദേശീയ-അന്താരാഷ്ട്ര തലങ്ങളിൽ മികവുപുലർത്തിയ താരങ്ങളെയടക്കം രാജ്യത്തിന് സംഭാവന ചെയ്യുമ്പോഴും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം അക്കാദമിയുടെ വളർച്ചക്ക് തടസമായിരുന്നു. ജില്ലയുടെ കായികമേഖലക്ക് കുതിപ്പേകുന്നതിനായി എൽഡിഎഫ് സർക്കാർ തുടക്കമിട്ട പദ്ധതികളാണ് പുൽപ്പള്ളി ആർച്ചറി അക്കാദമിക്ക് വീണ്ടും ഉണർവേകുന്നത്. വിദേശ പരിശീലകരടക്കമുള്ളവരുടെ കീഴിൽ അമ്പെയ്ത്ത് താരങ്ങൾക്ക് തുടർച്ചയായി പരിശീലനം നൽകി ഒളിമ്പിക്‌സ് താരങ്ങളെ വാർത്തെടുക്കുകയാണ് ലക്ഷ്യം.


ഒരുങ്ങുന്നത് മികച്ച പരിശീലന കേന്ദ്രം

അമ്പെയ്ത്തിൽ പ്രാഗല്ഭ്യം നേടിയ യുവാക്കൾക്കും കൗമാരതാരങ്ങൾക്കും മികച്ച ട്രെയിനിങ് സെന്റർ ഒരുക്കാനുള്ള അടിസ്ഥാന പ്രവൃത്തികളാണ് ആദ്യഘട്ടത്തിൽ നടക്കുക. എട്ട് ഏക്കറിൽ അടിസ്ഥാന സൗകര്യങ്ങൾ വിപുലപെടുത്തും. ചുറ്റുമതിൽ നിർമാണം എതാണ്ട് പൂർത്തിയായി. 50 ലക്ഷം രൂപയാണ് ചുറ്റുമതിലിന് മാത്രം ചെലവായത്. നിലവിലുള്ള വനിതാഹോസ്റ്റലിന് പുറമെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും താമ സൗകര്യമൊരുക്കുന്നതിന് കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നുണ്ട്.
ദേശീയ ഗെയിംസിന് ഒരുക്കിയ പ്രി ഫാബുകൾ സജ്ജമാക്കുന്ന പ്രവൃത്തിയും പുരോഗമിക്കുകയാണ്. ഒൻപത് പ്രി ഫാബുകളിൽ നാല് എണ്ണം പൂർത്തിയായിക്കഴിഞ്ഞു. ഒരു ഫാബിന് മാത്രം പത്ത് ലക്ഷം രൂപ ചെലവ് വരും. ഇതിനകത്ത് പ്രത്യേകം മുറികളും ടോയ്‌ലറ്റ്, ബാത്ത്‌റൂം അടുക്കള അടക്കം എല്ലാവിധ സൗകര്യവും ഉണ്ടാവും. കുടിവെള്ളസൗകര്യമടക്കം ലഭ്യമാക്കുന്നതിന് കിണറും ടാങ്കുൾപ്പടെയുള്ള മറ്റ് സംവിധാനങ്ങളും ആദ്യഘട്ടമായി ഒരുക്കും. 60,000 ലിറ്റർ വെള്ളം കൊള്ളുന്ന ടാങ്കാണ് നിർമിക്കുന്നത്. 2024 ലെ ഒളിമ്പിക്‌സ് ലക്ഷ്യമിട്ട് നടത്തുന്ന നിർമാണ പ്രവൃത്തികളുടെ പുരോഗതി വിലയിരുത്താൻ ഉന്നതസംഘവും പുൽപ്പള്ളിയിൽ എത്തും.
പരിശീലകൻ എ. രഞ്ജിത്തിന്റെ ശിക്ഷണത്തിൽ 15 പെൺകുട്ടികളും 14 ആൺകുട്ടികളുമടക്കം 29 പേരാണ് അക്കാദമിയിൽ പരിശീലനം നടത്തുന്നത്. ഇവരിൽ മേഘനകൃഷ്ണ, അക്ഷയദാസ്, എ.ജെ. ജോസ്ബിൻ, ഡാനിയ ജിജി എന്നിവർ ദേശീയ തലത്തിൽ തിളങ്ങിയ താരങ്ങളാണ്. രാവിലെ ആറുമുതൽ എട്ട് വരെയും വൈകിട്ട് അഞ്ച് മുതൽ എഴുവരെയുമാണ് പരിശീലനം. നിലവിൽ 70 മീറ്റർ പരിശീലന സ്ഥലം നൂറു മീറ്ററാക്കി വർധിപ്പിക്കും. സമീപ ജില്ലകളായ കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ നിന്നും കുട്ടികൾ പരിശീലനത്തിനായി അക്കാദമിയിലെത്തുന്നുണ്ട്. അമ്പെയ്ത്ത് ഉപകരണങ്ങളുടെ വിലയാണ് പലരെയും അകറ്റി നിർത്തുന്നതെന്ന് പരിശീലകൻ രഞ്ജിത് പറഞ്ഞു. ഇന്ത്യൻറൗണ്ട് ഉപകരണങ്ങൾക്ക് മാത്രമാണ് വില കുറവ്. ദേശീഗെയിംസിന്റെ ഭാഗമായി ലഭിച്ച എട്ട് ഇന്ത്യൻ റൗണ്ട് ഉപകരണം അക്കാദമിക്കുണ്ട്.