മുത്തശ്ശിമാരുടെ സംഗമവേദിയൊരുക്കി തരിയോട് ജി.എൽ.പി സ്‌കൂൾ. മുത്തശ്ശിക്കൂട്ടം പരിപാടിയുടെ ഭാഗമായി മുത്തശ്ശിമാർ സ്‌കൂളിൽ ഒത്തുചേർന്നപ്പോൾ സ്‌നേഹത്തിന്റെയും കരുതലിന്റെയും നേർസാക്ഷ്യമായി. മുത്തശ്ശിമാർ വിദ്യാലയ സ്മരണകളും അനുഭവങ്ങളും പങ്കുവച്ചപ്പോൾ കേട്ടുനിന്ന കുട്ടികൾക്കും രക്ഷിതാക്കൾക്കും പുതു അനുഭവമായി. പുതുതലമുറയിലെ മക്കളെ സ്‌നേഹത്തിന്റെയും കരുതലിന്റെയും ചരടിൽ ബന്ധിപ്പിച്ചു നിർത്തണമെന്ന് മുത്തശ്ശിക്കൂട്ടം പറഞ്ഞുവച്ചു. ആദരപൂർവ്വം ഓരോ മുത്തശ്ശിമാരെയും സ്വീകരിച്ച് വേദിയിലെത്തിച്ച് ക്രിസ്തുമസ് മധുരം നൽകിയാണ് പരിപാടിക്ക് തുടക്കമായത്. കലാപരിപാടികൾ അവതരിപ്പിച്ചും അനുഭവങ്ങൾ പങ്കുവച്ചും ഉച്ചഭക്ഷണം കഴിച്ചു പിരിയുമ്പോൾ ഈ കൂട്ടായ്മകൾ ഇനിയുമുണ്ടാവണമെന്ന് സ്‌നേഹാഭ്യാർത്ഥനകളായിരുന്നു ഏവരുടെയും മനസിൽ.

60 വയസ്സ് മുതൽ 85 വയസ്സ് വരെയുള്ള മുത്തശ്ശിമാർ പങ്കെടുത്ത സദസ് കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ജിൻസി സണ്ണി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ഷമീം പാറക്കണ്ടി അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക വത്സ പി. മത്തായി, എം.പി.കെ ഗിരീഷ് കുമാർ, എം.എ. ലില്ലികുട്ടി, കെ. സന്തോഷ്, സജിഷ പ്രശാന്ത്, ഹാജിറ സിദ്ധിക്ക്, ശശികുമാർ, പി.ബി. അജിത, ടി. സുനിത, സി.സി. ഷാലി, എം. മാലതി, എൻ.കെ. ഷമീന, വി.പി. ചിത്ര തുടങ്ങിയവർ സംസാരിച്ചു.