സുൽത്താൻ ബത്തേരി നിയോജക മണ്ഡലത്തിലെ ഏറ്റവും പ്രായംചെന്ന വോട്ടർ ആരാണെന്ന അന്വേഷണം ചെന്നെത്തുക നഗരസഭയിലെ പഴുപ്പത്തൂർ കിഴക്കേകുടിയിൽ വീട്ടിലായിരിക്കും. കാരണം ഈ വരുന്ന മാർച്ച് 25ന് നൂറു വയസ് തികയുന്ന കെ. കുട്ടപ്പന് അവകാശപ്പെട്ടതാണ് ഈ അംഗീകാരം. പ്രായം ഓർമകളിൽ മങ്ങൽ ഏൽപ്പിക്കുന്നുണ്ടെങ്കിലും 21-ാം വയസ് മുതൽ എല്ലാ തെരഞ്ഞെടുപ്പിലും വോട്ടവകാശം വിനിയോഗിക്കുന്നുണ്ടെന്നാണ് കുട്ടപ്പൻ ചേട്ടൻ പറയുന്നത്. ദേശീയ സമ്മതിദായക ദിനാചരണത്തിൽ ആദരം ഏറ്റുവാങ്ങാനായി മകന്റെ ഭാര്യ സതിയോടൊപ്പം സുൽത്താൻ ബത്തേരി സെന്റ് മേരീസ് സ്‌കൂളിലെത്തിയപ്പോഴാണ് ആളാരാണെന്ന് സദസിനും മനസിലായത്. പ്രായത്തിന്റെ അവശതകകൾ അലട്ടുന്നുണ്ടെങ്കിലും വോട്ടവകാശം വിനിയോഗിക്കാൻ മറക്കാതിരിക്കുന്ന കുട്ടപ്പൻ ചേട്ടൻ യുവാക്കൾക്കടക്കം മാതൃകയാവുകയാണ്. തെരഞ്ഞെടുപ്പ് കമ്മീഷൻ നടത്തിയ സർവ്വേകളിൽ യുവാക്കൾക്കിടയിൽ വോട്ടവകാശത്തോട് വിമുഖത കൂടുന്നുണ്ടെന്നാണ് കണ്ടെത്തൽ. ഈ അവസരത്തിലാണ് കുട്ടപ്പൻ ചേട്ടനെ പോലുള്ളവർ വോട്ടവകാശത്തിന് നൽകുന്ന പ്രാമുഖ്യം ശ്രദ്ധേയമാവുന്നതും. ദേശീയ സമ്മതിദായക ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം സുൽത്താൻ ബത്തേരിയിൽ സംഘടിപ്പിച്ചതിന്റെ ഭാഗമായാണ് നിയോജക മണ്ഡലത്തിലെ ഏറ്റവും പ്രായം ചെന്ന വോട്ടറായ കുട്ടപ്പൻ ചേട്ടനെ ജില്ലാഭരണകൂടം
ആദരിച്ചത്.
കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര സ്വദേശിയായ കുട്ടപ്പൻ 60 വർഷം മുമ്പാണ് സുൽത്താൻ ബത്തേരിയിൽ എത്തുന്നത്. ഭാര്യ രാധ, മക്കളായ കുഞ്ഞിക്കണ്ണൻ, സുശീല എന്നിവരൊടൊപ്പം ഉപജീവനത്തിനായാണ് വയനാട്ടിലെത്തിയത്. കൂലിവേലയായിരുന്ന പ്രധാന ജോലി. ഇന്ന് വിശ്രമ ജീവിതം നയിക്കുന്ന കുട്ടപ്പൻ മകന്റെ കുടുംബത്തോടൊപ്പമാണ് താമസം. വിവിധ ദിനാചരണത്തിൽ ഓരോരുത്തർക്കും ഓരോ ഹീറോമാരുണ്ടാവും എന്നാൽ വേട്ടേഴ്സ് ദിനത്തിൽ ജില്ലയുടെ തന്നെ ഹീറോയായിരിക്കുകയാണ് കിഴക്കേകുടിയിൽ വീട്ടിൽ കുട്ടപ്പൻ. ഇന്ത്യയിലെ പ്രഥമ പൗരനും ഏറ്റവും താഴെ തട്ടിലുള്ള പൗരനും ഒരേ പ്രധാന്യമാണ് വോട്ടവകാശത്തിൽ നൽകിയിരിക്കുന്നത്. നിലവിൽ വയനാട് ജില്ലയിൽ 5,81,245 പേരാണ് വോട്ടർ പട്ടികയിൽ അംഗമായിട്ടുള്ളവർ.