സംസ്ഥാന സർക്കാർ, സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി, യുനൈറ്റഡ് നേഷൻസ് ഡെവലപ്മെന്റ് പ്രോഗ്രാം, കേരള പുനർനിർമാണ പദ്ധതി എന്നിവർ സംയുക്തമായി നടപ്പാക്കുന്ന സുരക്ഷിത കേരളം ക്യാമ്പയിനിന്റെ ഭാഗമായുള്ള പ്രദർശനത്തിന് തുടക്കമായി. കൽപ്പറ്റ വിജയ പമ്പ് പരിസരത്ത് ഒരുക്കിയിരിക്കുന്ന പ്രദർശനം ജില്ലാ കളക്ടർ എ.ആർ. അജയകുമാർ ഉദ്ഘാടനം ചെയ്തു. പ്രദർശനത്തിലൂടെ പ്രളയത്തിനെ അതിജീവിച്ച് എങ്ങനെ നിർമാണം നടത്താമെന്ന പാഠമാണ് നാം ഉൾക്കൊള്ളേണ്ടതെന്ന് അദേഹം അഭിപ്രായപ്പെട്ടു.
പാർപ്പിട മേഖലകളിൽ പാലിച്ചിരിക്കേണ്ട വിവിധ വശങ്ങളെകുറിച്ച് ചർച്ച ചെയ്യുന്നതിനു വേണ്ടിയാണ് സുരക്ഷിത കേരളം ക്യാമ്പയിൻ വിവിധ ജില്ലകളിൽ നടത്തുന്നത്. സുരക്ഷിത കേരളത്തിനായി പ്രളയത്തെ അതിജീവിക്കുന്ന നിർമാണ പ്രവർത്തനങ്ങൾ നടത്താനും കെട്ടിടങ്ങൾ നിർമിക്കാനും നിരവധി മുൻകരുതലുകൾ എടുക്കേണ്ടതുണ്ട്. അവയെ സംബന്ധിച്ചുള്ള ചിത്രങ്ങളും വിവരങ്ങളുമാണ് പ്രദർശനത്തിൽ ഒരുക്കിയിട്ടുള്ളത്. കൂടാതെ കുടുംബശ്രീ കൺസ്ട്രക്ഷൻ ഗ്രൂപ്പ് മുഖേനയും അല്ലാതെയും ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട മേസ്തിരിമാർക്ക് ദുരന്തത്തെ അതിജീവിക്കുന്ന നിർമാണ രീതികളെകുറിച്ച് ഹാബിറ്റാറ്റ് ടെക്‌നോളജി ഗ്രൂപ്പ് ചെയർമാൻ ജി ശങ്കർ പരിശീലനവും നൽകി. ചടങ്ങിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബി നസീമ അധ്യക്ഷത വഹിച്ചു. യു.എൻ.ഡി.പി ജില്ലാ പ്രൊജക്ട് ഓഫീസർ സി ലത്തീഫ്, ലൈഫ് മിഷൻ ജില്ലാ കോ-ഓഡിനേറ്റർ സിബി വർഗീസ്, യു.എൻ.ഡി.പി ഷെൽട്ടർ കോ- ഓർഡിനേറ്റർ വി. ഇന്ദു, ഹസാർഡ് അനലിസ്റ്റ് ആശ കിരൺ തുടങ്ങിയവർ സംസാരിച്ചു. പ്രദർശനം ജനുവരി 26ന് അവസാനിക്കും.