നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്‍പായി പാലക്കാട് ജില്ലയില്‍ നിലവില്‍ പൂര്‍ത്തീകരണത്തിലേക്ക് എത്തിയ പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് ജില്ലാ വികസന സമിതി യോഗത്തില്‍ (ഡി.ഡി.സി) ജില്ലാ കളക്ടര്‍ എം.എസ്. മാധവിക്കുട്ടി നിര്‍ദ്ദേശിച്ചു. വിവിധ പദ്ധതികള്‍ക്കായി അനുവദിച്ച തുക ചെലവഴിക്കുന്നതില്‍ സംസ്ഥാന തലത്തില്‍ ജില്ലയ്ക്ക് നാലാം സ്ഥാനമാണെന്നും ഡി.ഡി.സിയില്‍ നല്ല പുരോഗതിയാണുള്ളതെന്നും യോഗത്തിന് അധ്യക്ഷത വഹിച്ചു കൊണ്ട് ജില്ലാ കളക്ടര്‍ എം.എസ്. മാധവിക്കുട്ടി പറഞ്ഞു.

ഷൊര്‍ണൂര്‍ മണ്ഡലത്തിലെ എലിയപ്പൊറ്റ-കുളപ്പുള്ളി റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തനത്തിനായി പൈപ്പ് ലൈന്‍ ഇടുന്ന പ്രവൃത്തി, ഒരു മാസത്തിനകം പൂര്‍ത്തീകരിക്കുമെന്ന് പി. മമ്മിക്കുട്ടി എം.എല്‍.എയെ വാട്ടര്‍ അതോറിറ്റി അധികൃതര്‍ അറിയിച്ചു. ചെര്‍പ്പുളശ്ശേരി ആശുപത്രിയില്‍ എം.എല്‍.എ ഫണ്ടിലുള്‍പ്പെടുത്തി എക്‌സ്‌റേ യൂണിറ്റ് സ്ഥാപിക്കുന്നതിനുള്ള ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചെന്നും സൈറ്റുമായി ബന്ധപ്പെട്ട് മുനിസിപ്പാലിറ്റി അധികൃതര്‍ എഗ്രിമെന്റ് പൂര്‍ത്തീകരിച്ച ഉടനെ പ്രവൃത്തി ആരംഭിക്കുമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിഷയവുമായി ബന്ധപ്പെട്ട് മുനിസിപ്പാലിറ്റി സെക്രട്ടറിക്ക് കത്ത് നല്‍കാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസറോട് എംഎല്‍എ നിര്‍ദ്ദേശിച്ചു.

ആലത്തൂര്‍ മണ്ഡലത്തില്‍ ഇറിഗേഷന്‍ ക്വാട്ടേഴ്‌സില്‍ താമസിക്കുന്ന 13 കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കുന്ന വിഷയവുമായി ബന്ധപ്പെട്ട്, പട്ടയം ലഭിക്കാത്ത നിയമപരമായി യോഗ്യതയുള്ള നാല് കുടുംബങ്ങള്‍ക്ക് അടിയന്തരമായി പട്ടയം അനുവദിക്കണമെന്ന് കെ ഡി പ്രസേനന്‍ എംഎല്‍എ നിര്‍ദ്ദേശിച്ചു. മമ്പാട് പൂവത്തിങ്കല്‍ റോഡ് നിര്‍മ്മാണത്തിനായി ജെ.ജെ.എം ഫണ്ട് ലഭിച്ചിട്ടുണ്ട്. തിങ്കളാഴ്ച മുതല്‍ പ്രവൃത്തി ആരംഭിക്കുമെന്നും, രണ്ടാഴ്ചക്കുള്ളില്‍ പൂര്‍ത്തീകരിക്കുമെന്നും വാട്ടര്‍ അതോറിറ്റി അധികൃതര്‍ അറിയിച്ചു.

മേലാര്‍കോട് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ച്, ഉദ്ഘാടനത്തിന് തയ്യാറായെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു. കിഴക്കഞ്ചേരി 2 വില്ലേജിലെ മിച്ചഭൂമി പട്ടയം വിതരണം ചെയ്യുന്നതിനായി സര്‍വ്വേ നടത്തി തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ തഹസില്‍ദാറെ ചുമതലപ്പെടുത്താന്‍ എംഎല്‍എ നിര്‍ദ്ദേശം നല്‍കി. ഒറ്റപ്പാലം മണ്ഡലത്തിലെ പല്ലാര്‍മംഗലത്ത് ശ്മശാനത്തിന്റെ നിര്‍മ്മാണ പ്രവൃത്തി ആരംഭിക്കുന്നതിന്, സര്‍ക്കാര്‍ അനുമതി ലഭ്യമാക്കുന്നതിനായി തദ്ദേശ സ്വയംഭരണ വകുപ്പ്, ആരോഗ്യവകുപ്പ് അധികൃതരോട് സംയുക്ത പരിശോധന നടത്താന്‍ ജില്ല കളക്ടര്‍ നിര്‍ദ്ദേശിച്ചു.

മുരുക്കുംപൊറ്റ ജംഗ്ഷന്‍ നവീകരണത്തിനായി ആര്‍.ടി.ഒ എന്‍ഫോഴ്‌സ്‌മെന്റ്, പി.ഡബ്ല്യു.ഡി റോഡ് വിഭാഗം അധികൃതരോട് സംയുക്ത പരിശോധന നടത്തി വിവരം അറിയിക്കാനും ജില്ല കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. ജംഗ്ഷനില്‍ സ്വകാര്യ പങ്കാളിത്തത്തോടെ ട്രാഫിക് ലൈറ്റ് സ്ഥാപിക്കുന്നതിനുള്ള സാധ്യതകള്‍ പരിശോധിക്കുമെന്നും കളക്ടര്‍ പറഞ്ഞു.

ജംഗ്ഷനില്‍ അനധികൃതമായി സ്ഥിതിചെയ്യുന്ന കെ.എസ്.ഇ.ബി, ബി.എസ്.എന്‍.എല്‍ പോസ്റ്റുകള്‍ മാറ്റുന്നതിനു വേണ്ട നടപടികള്‍ അടിയന്തരമായി സ്വീകരിക്കണമെന്ന് കെ പ്രേംകുമാര്‍ എംഎല്‍എ ബന്ധപ്പെട്ട അധികൃതരെ അറിയിച്ചു. ശ്രീകൃഷ്ണപുരം ലക്ഷം വീട് ഉന്നതിയിലെ മലൈപ്പണ്ടാരം വിഭാഗത്തില്‍പെട്ട മുപ്പതിലധികം കുടുംബങ്ങള്‍ക്ക് ജാതി സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുന്നതിനായി പ്രയത്‌നിച്ച ജില്ല കളക്ടര്‍ ഉള്‍പ്പെട്ട ജില്ലാ ഭരണകൂടത്തെ എം.എല്‍.എ യോഗത്തില്‍ അഭിനന്ദിച്ചു. ചിറ്റൂര്‍ മണ്ഡലത്തിലെ സര്‍ക്കാര്‍പതി അംബേദ്ക്കര്‍ ഗ്രാമം പദ്ധതിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തി ആരംഭിക്കുന്നതിന് അനുമതി ലഭിച്ചതായും പ്രവര്‍ത്തി ഉടന്‍ ആരംഭിക്കുമെന്നും മന്ത്രി കെ കൃഷ്ണന്‍ കുട്ടിയുടെ പ്രതിനിധിയുടെ ചോദ്യത്തിന് ബന്ധപ്പെട്ട വകുപ്പ് അധികൃതര്‍ മറുപടി നല്‍കി. ശൌരിയാര്‍പാളയം ക്ഷീര സംഘത്തില്‍ ക്രമക്കേടുകള്‍ നടക്കുന്നുവെന്ന പരാതി പരിശോധിക്കാന്‍ നിര്‍ദേശം നല്‍കിയെന്നും, ഇതുവരെ സാമ്പത്തിക ക്രമക്കേടുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ക്ഷീരവികസന വകുപ്പ് അധികൃതര്‍ അറിയിച്ചു. പട്ടാമ്പി സെന്‍ട്രല്‍ ഓര്‍ച്ചാഡിന്റെ നിര്‍മ്മാണത്തില്‍ ജൈവകൃഷി പരിശീലന കേന്ദ്രം, പോളി ഹൗസ്, സംയോജിത കൃഷി യൂണിറ്റ് തുടങ്ങിയവയുടെ പ്രവര്‍ത്തി ആരംഭിക്കുന്നതിന് തടസ്സമായി നില്‍ക്കുന്ന പ്രസ്തുത സ്ഥലത്തെ മരങ്ങള്‍ മുറിക്കുന്നതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് അടുത്ത ആഴ്ച സമര്‍പ്പിക്കുമെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു. നെന്മാറ മണ്ഡലത്തിലെ കൊടുവാള്‍പാറ-പോത്തുണ്ടി റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തി അടുത്ത ദിവസം ആരംഭിക്കുമെന്നും, കാലതാമസമില്ലാതെ പൂര്‍ത്തിയാക്കുമെന്നും അധികൃതര്‍ അറിയിച്ചു. പുതുപ്പരിയാരം ഹൈസ്‌കൂളിന്റെ നിര്‍മ്മാണം ആരംഭിച്ചതായും, ഒരു വര്‍ഷത്തിനകം പൂര്‍ത്തിയാകുമെന്നും എല്‍.എസ്.ജി.ഡി അധികൃതരും യോഗത്തില്‍ അറിയിച്ചു. വിവിധ എം.എല്‍.എ മാരുടെ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന നവകേരളസദസുമായി ബന്ധപ്പെട്ട പദ്ധതികള്‍ യോഗത്തില്‍ അവലോകനം ചെയ്തു.

കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ എം.എല്‍.എ മാരായ പി മമ്മിക്കുട്ടി, കെ.ഡി പ്രസേനന്‍, കെ പ്രേംകുമാര്‍, പട്ടാമ്പി നഗരസഭ ചെയര്‍പേഴ്‌സണ്‍ ടി.പി ഷാജി, ചിറ്റൂര്‍-തത്തമംഗലം നഗരസഭ ചെയര്‍പേഴ്‌സണ്‍ സുമേഷ് സുമേഷ് അച്യുതന്‍, വൈദ്യുത വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെ പ്രതിനിധി എസ് വിനോദ്ബാബു, എ.ഡി.എം കെ സുനില്‍കുമാര്‍ ആര്‍.ഡി.ഒ കെ.മണികണ്ഠന്‍, ജില്ലാ പ്ലാനിങ് ഓഫീസര്‍ ഏലിയാമ്മ നൈനാന്‍, ആര്‍.ആര്‍ ഡെപ്യൂട്ടി കളക്ടര്‍ എസ്.എസ് അല്‍ഫ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.