പ്രളയത്തിൽ പൂർണവും ഭാഗികവുമായി തകർന്ന വീടുകളുടെ അപ്പീൽ അപേക്ഷകൾ ഫെബ്രുവരി അഞ്ചിനകം തീർപ്പാക്കി റിപോർട്ട് നൽകാൻ ജില്ലാ കളക്ടർ എ.ആർ അജയകുമാർ നിർദേശം നൽകി. കളക്ടറേറ്റിലെ മിനി കോൺഫറൻസ് ഹാളിൽ ചേർന്ന എൻജിനീയർമാരുടെ യോഗത്തിലാണ് നിർദേശം. ജനുവരി 31 ആയിരുന്നു അപ്പീൽ സ്വീകരിക്കുന്ന അവസാന തീയതി. ഒരു കാരണവശാലും അപേക്ഷകളിൽ തീരുമാനം വൈകരുതെന്നാണ് സർക്കാർ നിർദേശിച്ചിരിക്കുന്നത്. അർഹതപ്പെട്ടവർക്ക് ആനുകൂല്യം നിഷേധിക്കപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്തണം. കിടപ്പാടം നശിച്ച നിർധനർക്ക് നീതി ഉറപ്പാക്കേണ്ടത് ഉദ്യോഗസ്ഥരുടെ കടമയാണെന്നും കളക്ടർ ഓർമിപ്പിച്ചു.
